under-pass
കുറ്റൂർ അടിപ്പാതയിലെ ഗതാഗതം തടസ്സപ്പെട്ട നിലയിൽ

തിരുവല്ല: പലതവണ നവീകരിച്ചിട്ടും കുറ്റൂർ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഗതാഗത തിരക്കേറിയതും എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്നതുമായ കുറ്റൂർ -മനക്കച്ചിറ, തിരുമൂലപുരം-കറ്റോട് എന്നീ റോഡുകളിലെ റെയിൽവേ അടിപ്പാതകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. മുമ്പുണ്ടായിരുന്ന ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കോടികൾ മുടക്കി പുതിയ പരീക്ഷണമാണ് അടിപ്പാതയിൽ നടപ്പാക്കിയത്. ബോക്സുകൾ പുറത്ത് നിർമ്മിച്ച് നിർദിഷ്ട പാതയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റുന്ന രീതിയാണ് അവലംബിച്ചത്. എന്നാൽ തള്ളുന്ന വേളയിൽ ആദ്യബോക്സ് താഴ്ന്നുപോകുകയും താഴ്ന്ന ഭാഗത്തിന് ക്രമാനുസരണമായി പുതിയ ബോക്സ് നിർമ്മിക്കുകയുമാണ് ഉണ്ടായത്. ഈ താഴ്ന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിനാലാണ് ഇവിടെ വാഹനങ്ങൾ തകരാറാകുന്നതും ഗതാഗതം സ്തംഭിക്കുന്നതും. അന്ന് റെയിൽവേയ്ക്ക് സംഭവിച്ച പിഴവ് പരിഹരിക്കാനായി മിക്കവർഷവും ലക്ഷക്കണക്കിന് രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തും. എന്നാൽ നിർമ്മാണ സമയത്തെ അപാകതയ്ക്ക് പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.

മോട്ടോറും തകരാറിൽ
അടിപ്പാതയിലെ വെള്ളം വറ്റിക്കാനായി വലിയ മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റെയിൽവേ ഉദ്യോഗസ്ഥർ വെള്ളം വറ്റിക്കാനായി എത്തിയെങ്കിലും മോട്ടോർ കേടായതിനെ തുടർന്ന് പരിഹാരം കാണാനായില്ല. കുറ്റൂർ അടിപ്പാതയുടെ ഇരുവശത്തുമുള്ള ജലനിരപ്പിനേക്കാൾ ഉയർന്നാണ് അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത്. നവീകരണ പ്രവർത്തിയിലെ പാളിച്ചമൂലം ഉറവകളിലൂടെ ജലം അടിപ്പാതയിലേക്ക് തള്ളിക്കയറുന്നുണ്ട്. അടിപ്പാതയിലെ കോൺക്രീറ്റ് ഇളകി വീണ്ടും കമ്പി തെളിഞ്ഞിട്ടുണ്ട്. ഓരോ മഴക്കാലത്തും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഉണ്ടാവുന്നത്. വേനൽമഴയിൽ തന്നെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വർഷകാലത്തെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

...............................

1. പരിഹാരം കണ്ടെത്താനാകാതെ റെയിൽവേ

2. അടിപ്പാതയിലെ വെള്ളം വറ്റിക്കാനായി എത്തിച്ച മോട്ടോറും തകരാറിൽ

3. ഉറവകളിലൂടെ ജലം അടിപ്പാതയിലേക്ക് തള്ളിക്കയറുന്നു

..................................
നിർമ്മാണ വേളയിലും നവീകരിക്കുമ്പോഴും നാട്ടുകാർ നിർമ്മാണ പ്രവർത്തനത്തെപ്പറ്റി ആശങ്ക അറിയിച്ചെങ്കിലും റെയിൽവെ ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. ഇതിന്റെ പരിണിതഫലമാണ് അടിപ്പാതയിൽ സംഭവിക്കുന്നത്.
വി.ആർ. രാജേഷ്
(പ്രദേശവാസി)​