bodhana
തിരുവല്ല ബോധനയിലെ തേനീച്ച ഗവേഷണ കേന്ദ്രത്തിലെ കൂടുകൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനീഷ് സൈമൺ കാഞ്ഞിരത്തുങ്കൽ കുട്ടികളെ കാണിക്കുന്നു

തിരുവല്ല: പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി തിരുവല്ല ബോധനയിലെ തേനീച്ച വളർത്തൽ കേന്ദ്രം സന്ദർശിച്ച് കുട്ടികൾ. തേനീച്ചകൾ ഇല്ലാതായാൽ മനുഷ്യരും ഇല്ലാതാകുമെന്ന് ബോധന എക്സി.ഡയറക്ടർ ഫാ. ബിനീഷ് സൈമൺ കാഞ്ഞിരത്തുങ്കൽ പറഞ്ഞപ്പോൾ കുട്ടികൾക്ക് വിശ്വാസമായില്ല.ലോകത്ത് 80 ശതമാനം പരാഗണവും നടക്കുന്നത് തേനീച്ചകൾ വഴിയാണ്. പരാഗണം നടന്നില്ലെങ്കിൽ ചെടികളുടെ വംശവർദ്ധന ഇല്ലാതാകും. ചെടികൾ ഇല്ലെങ്കിൽ അരിയും ഗോതമ്പും ചക്കയും മാങ്ങയും പച്ചക്കറികളും പഴവർഗങ്ങളും ഉണ്ടാകില്ലെന്ന് വൈദികൻ വിശദീകരിച്ചതോടെ കുട്ടികൾക്ക് ബോദ്ധ്യമായി.തേനീച്ച നിറഞ്ഞിരിക്കുന്ന കൂടുകളെല്ലാം കണ്ട് തേനിന്റെ സംസ്കരണപ്രക്രിയ കുരുന്നുകൾ നേരിട്ട് മനസ്സിലാക്കി. രുചിക്കാനായി തേനും ലഭിച്ചതോടെ കുട്ടികൾക്ക് വലിയ സന്തോഷം. ജലശുദ്ധീകരണശാലയും മാലിന്യ സംസ്കരണ യൂണിറ്റും കൂൺ വളർത്തൽ കേന്ദ്രവും ചുറ്റിക്കണ്ടാണ് കുട്ടികൾ മടങ്ങിയത്. തേനീച്ച വളർത്തലിന്റെ ചുമതല വഹിക്കുന്ന തങ്കച്ചൻ, റീന കെ.സാറ റോയി, സിജി മാത്യു എന്നിവർ ക്ലാസെടുത്തു. കുറ്റൂർ ശ്രീഭദ്ര ബാലഗോകുലം രക്ഷാധികാരി അഡ്വ.ജീതു ജെ.നായർ, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ കൺവീനർ കെ രംഗനാഥ് കൃഷ്ണ, ഉണ്ണികൃഷ്ണൻ വസുദേവം, സായി ദർശന എന്നിവർ നേതൃത്വം നൽകി.