ഏരൂർ: തിരക്കേറിയ ഏരൂർ ജംഗ്‌ഷനിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ അഭാവം ജനങ്ങൾക്ക് തീരാ ദുരിതമായി മാറുന്നു. സ്‌ത്രീകളും കുട്ടികളും മുതിർന്നവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
പത്തേക്കറിലധികം വരുന്ന കോമ്പൗണ്ടിലാണ് ഏരൂർ ഗവ.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.കെ.ജി മുതൽ ഹയർസെക്കൻഡറിയും യു.ടി.ഐയുടെ ഭാഗമായി ബി.കോമും എം.കോമും ഉൾപ്പടെയുള്ള വിവിധ കോഴ്‌സുകളിൽ ഏകദേശം 2500 വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ ബഹുഭൂരിപക്ഷവും പൊതുയാത്രാ സൗകര്യമായ ബസുകളെയാണ് ആശ്രയിക്കുന്നത്. പത്തടി, ഭാരതീപുരം,കുളത്തൂപ്പുഴ പ്രദേശങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ കൂടുതലായി വരുന്നത്. പൊള്ളുന്ന വെയിലും മഴയും ബസ് കാത്തു നിൽക്കുന്നവരെ ഒരു പോലെ ബാധിക്കുന്നു. മഴയത്ത് റോഡിന് മറുവശത്തെ പീടിക തിണ്ണകളിൽ ആൾക്കാർ കയറി നിൽക്കുന്ന കാഴ്‌ച്ച പതിവാണ്.പുരുഷൻമാർ കടകളിൽ കയറി നിൽക്കുമ്പോൾ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും അതിന് കഴിയാറില്ല.
നേരത്തെ ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് റോഡ് നവീകരണത്തിനു വേണ്ടി പൊളിച്ചു മാറ്റി.
കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രദേശത്തെ ഏറ്റവും വലിയ സ‌്‌കൂളാണിത്. പൊതുജനം ഉൾപ്പടെ വലയുകയാണ്. ബസ് വെയിറ്റിംഗ് ഷെഡ് അത്യാവശ്യമാണ്.
എബിൻ തോമസ്
സെക്രട്ടറി
അമ്പലക്കര ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ്
സ്‌കൂൾ ജംഗ്‌ഷൻ ഏരൂർ.
സൂര്യതാപമേൽക്കാൻ സാദ്ധ്യതയുള്ള എരിവെയിലിലും നനഞ്ഞു കുളിക്കുന്ന അതിവർഷത്തിലും കുട്ടികൾക്കുൾപ്പടെ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു നേരത്തെയുണ്ടായിരുന്ന ബസ് ഷെൽട്ടർ. വെയിറ്റിംഗ് ഷെഡില്ലാത്തതിനാൽ തോന്നുന്നിടത്ത് ബസ് നിറുത്തി കുട്ടികളെ ഓടിക്കുന്നത് ഡ്രൈവർമാരുടെ ക്രൂര വിനോദമാണ്.
എസ്. പ്രദീപ്
പ്രിൻസിപ്പൽ
വിശ്വഭാരതി കോളേജ്
മഴയിൽ നിന്നു രക്ഷ നേടാൻ കുട്ടികളും സ്‌ത്രീകളും മറുവശത്തെ കടകളിൽ അഭയം പ്രാപിക്കുന്നതും ബസ് വരുമ്പോൾ ധൃതിയിൽ തിരികെ ഓടുന്നതും അപകടങ്ങൾക്കും കാരണമാകുന്നു. പ്രദേശത്തെ ഏറ്റവും പ്രധാന സ്‌കൂളിന്റെ മുൻവശത്താണ് കുട്ടികൾ വെയിലും മഴയും കൊള്ളുന്നത്.
പി.എസ്.സുമൻ
വാർഡ് മെമ്പർ