new
ന്യൂ

കൊല്ലം: നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ 'ശലഭം' പദ്ധതി വഴി ജില്ലയിൽ 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ പരിശോധനയ്ക്ക് വിധേയമായത് 8393 കുട്ടികൾ. ഇതിൽ 272കുട്ടികൾക്ക് ജനന വൈകല്യസാദ്ധ്യത സ്ഥിരീകരിച്ചു.
സർക്കാർ ആശുപ്രതികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും സൗജന്യ ചികിത്സ നൽകി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ആർ.ബി.എസ്.കെ (രാഷ്ട്രീയ ബാൽ സ്വസ്ഥ്യ കാര്യ ക്രം) സ്‌ക്രീനിംഗ് വഴി പരിശോധന പൂർത്തിയാക്കിയത് 23,81,10 കുട്ടികളിലാണ്. വിസിബിൾ ബർത്ത് ഡിഫക്ട് (വി.ബി.ഡി) (ജന്മനാ ദൃശ്യമാകുന്ന വൈകല്യം) പരിശോധനയിൽ 272 കുട്ടികൾ രോഗബാധിതരെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന പരിശോധനയാണ് വി.ബി.ഡി. 24 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ഹൃദയസംബന്ധമായ തകരാറുകൾ പരിശോധിക്കുന്നതാണ് പൾസ് ഒക്‌സിമെട്രി. കേഴ്‌വി തകരാർ പരിശോധിക്കുന്ന ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിംഗ് (ഒ.എ.ഇ), ഹോർമോൺ തകരാറുകൾ കണ്ടെത്തുന്ന ഇൻബോൺ ഇറേഴ്‌സ് ഒഫ് മെറ്റബോളിസം (ഐ.ഇ.എം) എന്നിവ 48 മണിക്കൂറിന് ശേഷമാണ് നടത്തുക. ഇവയെല്ലാം ശലഭം പദ്ധതിയിൽ സൗജന്യമാണ്.

ശലഭം പദ്ധതി ആരംഭിച്ചത് - 2012ൽ

12 വർഷം പരിശോധനയ്ക്ക് വിധേയമായത്

75000 കുട്ടികൾ

ജനിച്ച് 24 മണിക്കൂറിനുള്ളിൽ പരിശോധന

 പത്ത് കുട്ടികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ സ്ഥിരീകരിച്ചു

 339 കുട്ടികൾക്ക് ശസ്ത്രക്രിയകൾ ആവശ്യമുണ്ടെന്ന് കണ്ടെത്തി

 57 കുട്ടികളുടെ ശസ്ത്രക്രിയ പൂർത്തിയാക്കി

 പത്ത് കുട്ടികൾക്ക് ഹോർമോൺ വൈകല്യം

 14 കുട്ടികൾക്ക് കേഴ്‌വി വൈകല്യം

 18 വയസ് വരെയുള്ള പരിശോധനയും തുടർ ചികിത്സയും സൗജന്യം

 വിവരങ്ങൾ ജാതക് സേവ ആപ്പിൽ

 ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും വിവരങ്ങൾ ശലഭം പോർട്ടലിൽ ലഭ്യം

ജില്ലയിൽ പരിശോധന നടത്തുന്ന ആശുപത്രികൾ

 കൊല്ലം വിക്ടോറിയ ആശുപത്രി

 പാരിപ്പള്ളി മെഡിക്കൽ കോളേജ്

 കടയ്ക്കൽ, പുനലൂർ, കൊട്ടാരക്കര, നെടുങ്ങോലം, കുണ്ടറ, ശാസ്താംകോട്ട, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികൾ

സ്വകാര്യ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളിൽ പരിശോധന നടത്തുന്നത് പ്രതിരോധ കുത്തിവയ്പ്പുകളുടെ സമയത്താണ്. ആർ.ബി.എസ്.കെ സ്‌ക്രീനിംഗിൽ ഉൾപ്പെടാത്ത അസുഖങ്ങൾ ബാധിക്കുന്ന കുട്ടികൾക്ക് 'ആരോഗ്യ കിരണം' പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാണ്.

ആരോഗ്യവകുപ്പ് അധികൃതർ