ഓച്ചിറ: മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള കുറ്റിയിൽ മുക്ക് - വലിയകുളങ്ങര (നാൽപ്പതിനാഴി ചന്ത) റോഡ് നവീകരണമെന്തെന്നറിഞ്ഞിട്ട് 14 വർഷം പിന്നിടുന്നു. ഓച്ചിറ പഞ്ചായത്തിൽ നിന്ന് 2010ൽ ജില്ലാ പഞ്ചായത്ത് റോഡ് ഏറ്റെടുത്ത കാലത്ത് തുടങ്ങി ദേശീയപാതയിലേക്കുള്ള തിരക്കേറിയ പാതയുടെ കാലക്കേട്. ആറ് മീറ്ററിലധികം വീതിയുള്ള റോഡുകൾ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത് ഉന്നതഗുണനിലവാരമുള്ള വീഥികൾ ഒരുക്കാനായിരുന്നു. എന്നാൽ റോഡ് ഔദ്യോഗികമായി ഉടമസ്ഥാവകാശം സഹിതം ഏറ്റെടുക്കുന്നതിലൊതുങ്ങി ആവേശം. നിരവധി വിദ്യാലയങ്ങളുള്ള ഈ പ്രദേശത്ത് കാലവർഷവും സ്‌കൂൾ വർഷാരംഭവും കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷമായേക്കും. വള്ളികുന്നത്ത് നിന്ന് ഓച്ചിറയിലെത്താനുള്ള ഈ എളുപ്പ പാത ഓച്ചിറ പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കൂടി കടന്നു പോകുന്നു.
റോഡ് നവീകരണത്തിൽ അടിയന്തര ഇടപെടലുണ്ടാകണം. പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യത്തിൽ അവസരോചിതമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.ഒന്നും ചെയ്യാനായില്ലെങ്കിൽ ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് റോഡ് തിരികെ നൽകണം.
എൻ.കൃഷ്‌ണകുമാർ
വൈസ് പ്രസിഡന്റ്
ഓച്ചിറ പഞ്ചായത്ത് .
ആദ്യഘട്ടമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം മുടക്കി ഒരു ഭാഗം നവീകരിച്ചു. രണ്ടാം ഘട്ടമെന്ന നിലയിൽ 15 ലക്ഷത്തിന്റെ പ്രവൃത്തിക്ക് കൂടി അനുമതിയായിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണികൾ പൂർത്തിയാക്കും.
ബി. ശ്രീദേവി
ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ്
ഞാൻ പ്രതിനിധീകരിക്കുന്ന എട്ടാം വാർഡിൽ സ്ഥിതി ശോചനീയമാണ് . ഇക്കാര്യം ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പലപ്പോഴും കൊണ്ടു വന്നിട്ടുള്ളതാണ്. നാമമാത്രമായ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു കുഴിയടപ്പിനപ്പുറം ഒന്നും സാദ്ധ്യമല്ല. എം.പി, എം.എൽ.എ തുടങ്ങിയ ഉന്നതരായ ജനപ്രതിനിധികളുടെ ഫണ്ട് ലഭിച്ചാൽ മികവുറ്റ നിലയിൽ റോഡ് നവീകരിക്കാനാകും. റോഡിന്റെ ഉടമസ്ഥതാവകാശമുള്ളവർ വേണ്ടത് ചെയ്‌തില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും.
മാളു സതീഷ്
വാർഡ് മെമ്പർ