ശാസ്താംകോട്ട: ലക്ഷങ്ങൾ മുടക്കി ശൂരനാട് വടക്ക് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നു. കൊല്ലം ,തേനി ദേശീയ പാതയിൽ ഈറ്റശ്ശേരി ,ചിറയോട് ചേർന്നാണ് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.
പ്രവർത്തനം പേരിന് മാത്രം
മൈനാഗപ്പള്ളി ,പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം പേരിന് മാത്രമാണെന്നാണ് ആക്ഷേപം. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം ഭക്ഷണ ശാലകൾ കൂടി പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഭക്ഷണ ശാലകളുടെ ചുമതല കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ശാസ്താംകോട്ടയിൽ പഞ്ചായത്തിനോട് ചേർന്ന് മാർക്കറ്റിനുള്ളിലായതു കൊണ്ട് വഴിയോര വിശ്രമകേന്ദ്രത്തിലെ ഭക്ഷണ ശാലയുടെ പ്രവർത്തനം സജീവമാണ്. ചന്ത ദിവസങ്ങളിൽ സമയക്രമീകരണം നടത്തിയാൽ നൂറുകണക്കിനാളുകൾക്ക് ഉപകാരപ്രദമാകും. പക്ഷേ ഒരു പഞ്ചായത്തിലും വഴിയോര വിശ്രമകേന്ദ്രങ്ങൾ കാര്യമായി പ്രവർത്തിക്കുന്നില്ല.