കൊല്ലം: നാട്ടാനകളുടെ ചികിത്സയ്ക്കായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരുക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും ജന്തു ദ്രോഹ നിവാരണ സമിതിയും സംയുക്തമായി ബീച്ച് ഹോട്ടലിൽ നാട്ടാന പരിപാലന ശില്പശാല സംഘടിപ്പിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം പകുതിയായി. ഇപ്പോൾ 466 നാട്ടാനകളുണ്ട്. ഓരോ വർഷവും 10 ഓളം ആനകൾ വിവിധ കാരണങ്ങളാൽ ചരിയുന്നു. എരണ്ടക്കെട്ടാണ് (മുൻകെട്ട്, ഇടക്കെട്ട് ,പിൻകെട്ട്) പ്രധാന മരണകാരണമെന്നാണ് നിഗമനം. എന്നാൽ കരൾ രോഗം മുതൽ പാദരോഗം വരെ മരണകാരണമാകുന്നുണ്ട്. രോഗങ്ങൾ കൃത്യമായി നിർണയിച്ച് ചികിത്സിക്കാൻ വിപുലമായ ആശുപത്രി സംവിധാനം വേണം. ആനകളുടെ ചികിത്സയ്ക്കും മദപ്പാട് കൈകാര്യം ചെയ്യാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും വെറ്ററിനറി ഡോക്ടർമാർ നിയന്ത്രിക്കുന്ന മെഡിക്കൽ ബോർഡ് വേണം. കൃത്യമായ ഇടവേളകളിൽ ആനകളുടെ കൊമ്പുമുറിക്കൽ സാദ്ധ്യമാക്കണം. കൊമ്പ് മുറിച്ച് ഒരുക്കേണ്ടത് ആനകളുടെ ശാരീരിക ആവശ്യം കൂടിയാണ്. രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൊമ്പ് മുറിക്കാമെന്ന നിയമം പൊളിച്ചെഴുതണമെന്നും ശില്പശാലയിൽ ആവശ്യം ഉയർന്നു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ.തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന മൃഗക്ഷേമ ബോർഡംഗം ഹണി ബഞ്ചമിൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.അനിൽകുമാർ, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ, ഫോറസ്റ്റ് അസി. കൺസർവേറ്റർ കോശി ജോൺ, ഡോ. ഇ.കെ.ഈശ്വരൻ, ഡോ.ബി.അരവിന്ദ്, ഡോ. ബി.അജിത്ത് ബാബു, ഡോ. ശ്യാം സുന്ദർ, ഡോ. എസ്.അഫ്സൽ, ഡോ. അജിത്ത്, ആന ഉടമ ഫെഡറേഷൻ ഭാരവാഹികളായ ചന്ദ്രചൂഢൻപിള്ള, പുത്തൻകുളം ഷാജി എന്നിവർ സംസാരിച്ചു.
ഉയർന്ന മറ്റ് ആവശ്യങ്ങൾ
ആനകൾക്ക് മാതൃക പ്രവർത്തനചട്ടം വേണം
ചമയങ്ങളുടെ ഭാരം 100 കിലോയായി കുറയ്ക്കണം
അനകളുടെ സമീപത്ത് നിന്ന് ലേസർ ലൈറ്റുകളും ഡി.ജെയും ഒഴിവാക്കണം
ഫാൻസ് അസോസിയേഷനുകളെ എഴുന്നള്ളത്ത് സമയങ്ങളിൽ നിയന്ത്രിക്കണം
ചെണ്ടമേളം ആനയിൽ നിന്ന് പത്ത് മീറ്റർ അകലെയാക്കണം
നാസിക് ഡോൾ, തംബോല, ശിങ്കാരിമേളം എന്നിവ ആന എഴുന്നള്ളത്തിൽ ഒഴിവാക്കണം
ആനക്കുട്ടിയെ രജിസ്റ്റർ ചെയ്യുമ്പോൾ മൈക്രോചിപ്പ് ഘടിപ്പിക്കണം
പാപ്പന്മാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം