പുനലൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ ഘടക കക്ഷിയായ സി.പി.ഐയുടെ സ്ഥാനാർത്ഥികൾ മത്സരിച്ച തിരുവനന്തപുരത്തും തൃശൂരിലും ബി.ജെ.പി സ്ഥാനാർത്ഥികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടാണ് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി രാഷ്ട്രിയ ചർച്ച നടത്തിയതെന്നും ഇത് എസ്.എൻ.സി ലാവലിൻ കേസ് അടക്കം സി.പി.എം നേതാക്കൾക്കെതിരെയുള്ള നിരവധി കേസുകളിൽ നിന്ന് രക്ഷപെടാനായിരുന്നെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു. പുനലൂരിൽ ചേർന്ന യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം തല തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുളത്തൂപ്പുഴ സലീം അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ എം.എം.നസീർ,സി.വിജയകുമാർ, തോയിത്തല മോഹനൻ,കെ.ശശിധരൻ, എം.നാസർഖാൻ,അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, ഏരൂർ സൂഭാഷ്, നെൽസൺ സെബാസ്റ്റ്യൻ,എം.എം.ജലീൽ,ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.