photo
ഉരുൾപൊട്ടിയ ആര്യങ്കാവ് പഞ്ചായത്തിലെ ആശ്രയ കോളനിയിലെ രണ്ടാംഘട്ട നിർമ്മാണ ജോലികളുടെ ഭാഗമായി പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജന പ്രതിനിധികൾ സ്ഥല പരിശോധന നടത്തുന്നു.

പുനലൂർ: കാല വർഷത്തിൽ ഉരുൾ പൊട്ടിയ ആര്യങ്കാവ് ആശ്രയ കോളനിയിൽ രണ്ടാംഘട്ട പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജന പ്രതിനിധികളും സ്ഥല പരിശോധനയും യോഗവും ചേർന്നു. രണ്ട് വർഷം മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധനകൾക്കും പുനർ നിർമ്മാണങ്ങൾക്കുമായി നേരത്തെ 5.60കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. സ്ഥലം എം.എൽ.എ ആയ പി.എസ്.സുപാലിന്റെ ശ്രമഫലമായി മന്ത്രി കെ.രാജൻ ഉരുൾപൊട്ടിയ ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. തുടർന്നാണ് നിർമ്മാണ ജോലികൾക്കായി തുക അനുവദിച്ചത്. ഇതിൽ ഒന്നാംഘട്ട നിർമ്മാണ ജോലികൾ ഏകദേശം പൂർത്തിയായത് കണക്കിലെടുത്താണ് രണ്ടാം ഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായിട്ടായിരുന്നു ഇന്നലെ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥല പരിശോധനയും യോഗവും ചേർന്നത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ ഗോപാലകൃഷ്ണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജുലാൽ പാലസ്, മുൻ പഞ്ചായത്ത് അംഗം ഐ.മൺസൂർ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ പിള്ള,വി.എസ്.സോമരാജൻ, രാജു തുടങ്ങിയവരും എം.എൽ.എക്ക് ഒപ്പം സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു.