അഞ്ചൽ: ഉത്സവത്തിന് വിരുന്നിനെത്തിയവരുടെ മോഷണം പോയ സ്വർണാഭരണങ്ങൾ സമീപത്തെ വീട്ടുപടിക്കൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ഇടയം ജംഗ്ഷനിൽ അശ്വനി ഭവനിൽ ബാബുവിന്റെ വീടിന്റെ അടുക്കളയുടെ വേസ്റ്റ് ബിന്നിൽ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആഭരണങ്ങൾ കാണപ്പെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസ് എത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു.
ഇടയം രഞ്ജുഭവനിൽ ചന്ദ്രബോസിന്റെ വീട്ടിൽ വിരുന്നിനെത്തിയ തിരുവനന്തപുരം സ്വദേശികളുടെ സ്വർണാഭരണമാണ് കഴിഞ്ഞ മാസം 4ന് രാത്രി പന്ത്രണ്ടരയോടെ മോഷണം പോയത്. ഒരു മാസം മുമ്പും സമാനമായ സംഭവം ഇവിടെയുണ്ടായി. ഒന്നര മാസം മുമ്പ് വീട് കുത്തിത്തുറന്ന് അപഹരിക്കപ്പെട്ട സ്വർണാഭരണം സമീപത്തെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.