കൊല്ലം: നരേന്ദ്ര മോദിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാണെന്നും അതിന് നേതൃത്വം നൽകുക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ തൊഴിലാളികൾ തയ്യാറാകണമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ഇടതുപക്ഷ ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന മേയ് ദിന റാലിയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം പോളിംഗ് പൂർത്തിയായപ്പോൾ തോൽവി മനസിലാക്കിയ മോദി എല്ലാ നിയമങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ച് മതന്യൂനപക്ഷങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്. ചട്ടലംഘനങ്ങൾക്കെതിരെ ലഭിച്ച നിരവധി പരാതികൾക്കുമേൽ ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മിഷൻ ഭയന്ന് കാഴ്ചക്കാരായി ഇരിക്കുകയാണെന്നും ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനായി. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജി.ലാലു, ജില്ലാ സെക്രട്ടറി ജി.ബാബു, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി അഡ്വ. പി.സജി, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. ആർ.വിജയകുമാർ, എം.എച്ച്.ഷാരിയർ, ബി.മോഹൻദാസ്, എ.എം.ഇക്ബാൽ, എസ്.രാധാകൃഷ്ണൻ, സി.ജെ.സുരേഷ് ശർമ, ആർ.മോഹനൻ പിള്ള, എക്സ്.എണസ്റ്റ്, ബി.രാജു, ജി.ആനന്ദൻ, അഡ്വ. ഇ.ഷാനവാസ്‌ ഖാൻ, സുരേഷ് മുഖത്തല എന്നിവർ സംസാരിച്ചു. മേയ് ദിന റാലിക്ക് അയത്തിൽ സോമൻ, ബി.വിനോദ്, എം.ടി.ശ്രീലാൽ എന്നിവർ നേതൃത്വം നൽകി.