krishi
എഴുകോൺ തൃപ്പിലഴികം ഏലായിലെ തരിശു നിലങ്ങൾ പാട്ടത്തിന് എടുത്ത് ഫാം പ്ളാൻ കൃഷിക്കൂട്ടം നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം നിർവഹിക്കുന്നു.

എഴുകോൺ : പ്രതിസന്ധികളിൽ പതറാതെ നെൽക്കൃഷിയെ ചേർത്തു പിടിച്ച കൂട്ടായ്മയ്ക്ക് നൂറുമേനി വിളവ്. എഴുകോൺ ഗ്രാമ പഞ്ചായത്തിൽ തൃപ്പിലഴികത്തെ രണ്ടു ഹെക്ടർ തരിശു നിലത്തിലാണ് നിശ്ചയദാർഢ്യം കൊണ്ട് കർഷകർ വിജയക്കൊയ്ത്ത് നടത്തിയത്. ഫാം പ്ലാൻ കൃഷി കൂട്ടമാണ് വിത്തെറിഞ്ഞത്. കൺവീനറും പഞ്ചായത്തിലെ മുൻനിര കർഷകനുമായ

ഷാജി അമ്പലത്തുംകാലയാണ് (കുഴിവിള ) മുൻ കൈയെടുത്തത്.എഴുകോൺ ഗ്രാമപ്പഞ്ചായത്തും

കൃഷി ഭവനും ജില്ലാ പഞ്ചായത്തും സംയുക്ത പദ്ധതികളൊരുക്കി പിന്തുണച്ചു. അത്യുൽപ്പാദന ക്ഷമതയുള്ള മനുരത്നയാണ് വിതച്ചത്. കൃഷി ചെയ്യാൻ താത്പര്യപ്പെടാത്ത 11 കർഷകരിൽ നിന്ന് മൂന്ന് വർഷത്തേക്ക് കൃഷി ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. ആദ്യ വർഷത്തെ പാട്ട തുക ജില്ലാ പഞ്ചായത്ത് നൽകും.

പ്രതിസന്ധിയായി കൊടുംചൂട്

കൊടുംചൂടും ജലക്ഷാമവും വലിയ പ്രതിസന്ധിയായിരുന്നു. കനാൽ തുറന്നാൽ ജല സമൃദ്ധമാകുന്ന ഏലയാണിത്. എന്നാൽ ജലം ആവശ്യമായ സമയത്ത് കനാലും വരണ്ട നിലയിലായിരുന്നു. സമീപത്തെ കുളത്തിൽ മോട്ടോർ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് ചാല് കീറി ഒഴുക്കിയാണ് നെൽച്ചെടികൾ നനച്ചത്.

കൊയ്ത്ത് തുടങ്ങിയപ്പോൾ കനാൽ തുറന്നതിനാൽ വെള്ളം നിറഞ്ഞ ഏലായിൽ ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് യന്ത്രം ഉപയോഗിക്കാനുമായില്ല. 28-തൊഴിലാളികളെ നിറുത്തിയാണ് ഇപ്പോൾ കൊയ്യുന്നത്. ഒരു ദിവസം കൊണ്ട് യന്ത്രം കൊയ്തെടുക്കുന്നത് നാല് ദിവസം കൊണ്ടേ തൊഴിലാളികൾക്ക് കൊയ്യാനാകൂ. ഇത് കൃഷി ചെലവ് ഗണ്യമായി ഉയർത്തും.കനാൽ വഴിയുള്ള ജലവിതരണത്തിനും കൃഷി വേലകൾക്കും കാർഷിക കലണ്ടർ തയ്യാറാക്കണമെന്ന് നിരന്തര ആവശ്യമുണ്ട്. എന്നാൽ ബന്ധപ്പെട്ടവർ ഇത് കേട്ടതായി പോലും ഭാവിച്ചിട്ടില്ല.

കൊയ്ത്ത് ഉദ്ഘാടനം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം കൊയ്ത്ത് ഉദ്ഘാടനം നിർവഹിച്ചു. കൊയ്ത്തു പാട്ടോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.സുഹർബാൻ അദ്ധ്യക്ഷയായി. വികസനകാര്യ ചെയർമാൻ ടി. ആർ. ബിജു , വാർഡംഗം ആതിര ജോൺസൺ , കൃഷി ഡപ്യൂട്ടി ഡയറക്ടർ പുഷ്പ ജോസഫ് , കൃഷി അസി.ഡയറക്ടർ ജയശ്രീ.ആർ, കൃഷിഭവൻ ഉദ്യോഗസ്ഥരായ ഷെമീന ബീഗം,അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.