കൊല്ലം: ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് കശുഅണ്ടി ഫാക്ടറി മുൻ ഉടമയുടെ ഓഫീസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ചന്ദനത്തോപ്പ് മാമൂട്ടിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് രണ്ടാംകുറ്റിയിലെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.
ഇവർ പതിറ്റാണ്ടുകളോളം ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ്. 2016ൽ ഫാക്ടറി അടച്ചുപൂട്ടുമ്പോൾ, ജോലി ചെയ്ത കാലത്തെ ഏറെ അനുകൂല്യങ്ങൾ നൽകാനുണ്ടായിരുന്നു. വൈകാതെ നൽകാമെന്ന് പറഞ്ഞ് വർഷങ്ങളായി അനുകൂല്യവിതരണം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ ഫാക്ടറി വിറ്റതോടെ തൊഴിലാളികൾ ആനുകൂല്യത്തിനുവേണ്ടി കയറിയിറങ്ങുകയായിരുന്നു. പറഞ്ഞ അവധികൾക്കൊന്നും പണം നൽകാതിരുന്നതോടെയാണ് ഇന്നലെ തൊഴിലാളികൾ പഴയ ഉടമയുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത്. സംഭവമറിഞ്ഞ് കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളും മാനേജ്മെന്റുമായി ചർച്ച നടത്തി.തുടർന്ന് 150 രൂപ വീതം കണക്കുകൂട്ടി ഓരോ വിഭാഗം തൊഴിലാളികൾക്ക് നിശ്ചിത ദിവസങ്ങളിൽ ആനുകൂല്യം നൽകാമെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി പൊലീസ് പറഞ്ഞു. ഒരു വിഭാഗം തൊഴിലാളികൾ മാനേജ്മെന്റിന്റെ വാഗ്ദാനം അംഗീകരിച്ചു. മറ്റൊരു വിഭാഗം അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നത് വരെ സമരം തുടരുമെന്ന മുന്നറിയിപ്പ് നൽകിയാണ് പിരിഞ്ഞത്.