ശാസ്താംകോട്ട: കൈയേറ്റം ആരോപിച്ച് ബാങ്കിന് മുന്നിലെ കൽപ്പടവ് റവന്യു വകുപ്പ് പൊളിച്ചു നീക്കി. ശാസ്താംകോട്ട എസ്.ബി.ഐ യുടെ മുന്നിൽ താത്കാലികമായി നിർമ്മിച്ച കൽപ്പടവും ചരിഞ്ഞ കെട്ടുമാണ് അനധികൃത നിർമ്മാണം എന്ന പേരിൽ റവന്യൂ അധികൃതർ പൊളിച്ചു നീക്കിയത്. എസ്.ബി.ഐ യുടെ കെട്ടിടം റോഡ് നിരപ്പിൽ നിന്ന് ഉയരത്തിലാണ് നിന്നിരുന്നത്. മൺതിട്ടയുമായിരുന്നു. .ഈ ഭാഗത്ത് കൂടി മുതിർന്നവരും രോഗികകളും ഭിന്നശേഷിക്കാരുമായ ഇടപാടുകാർ ബാങ്കിലേക്കും എ.ടി.എമ്മിലേക്കും കയറാൻ വളരെ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇടപാടുകാരും പൊതുജനങ്ങളും ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അധികൃതർ കെട്ടിട ഉടമയെ കൊണ്ട് ബാങ്കിന് മുന്നിൽ ഒരാഴ്ച മുൻപ് കൽപ്പടവുകളും ഭിന്നശേഷിക്കാർക്ക് കയറാൻ പറ്റുന്ന വിധത്തിൽ ചരിഞ്ഞ കെട്ടും നിർമ്മിക്കുകയായിരുന്നു. ഇതാണ് അനധികൃത കൈയേറ്റമെന്ന നിലയിൽ റവന്യൂ അധികൃതർ പൊളിച്ച് നീക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ശക്തമായിട്ടുണ്ട്.