കൊല്ലം: അറിവിന്റെ ശരിയായ മാർഗത്തിലൂടെ കേരളത്തെ നവീകരിച്ചതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ചട്ടമ്പി സ്വാമികളെന്ന് മഹാരാഷ്ട്ര ശ്രീ ക്ഷേത്രസിദ്ധഗിരി മഠം മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര.
ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ നടന്ന മഹാസമാധി ശതാബ്ദി ആചരണ സമാരംഭ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിദ്യകളും പഠിക്കുകയും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്ത മഹാപുരുഷനായിരുന്നു ചട്ടമ്പിസ്വാമികൾ. അറിവിന്റെ അധികാരത്തെ ജനകീയമാക്കിയതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവനയെന്നും സ്വാമി അദൃശ്യ കാട സിദ്ധേശ്വര പറഞ്ഞു.
സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ പ്രഭാഷണം പരിഭാഷപ്പെടുത്തി. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, എൻ.എസ്.സുമേഷ് കൃഷ്ണൻ, സരിത അയ്യർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.വിമൽകുമാർ, എം.ശ്രീനാഥൻ എന്നിവരെ ആദരിച്ചു. തുടർന്ന് 'അമ്മയുടെ മാഹാത്മ്യം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കലാമണ്ഡലം പ്രശാന്ത് സ്വാഗതവും ഡോ.കെ.പി.വിജയലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് അഹമ്മദ് ഫിറോസ് പാലക്കാടിന്റെ സംഗീത സദസും അയ്യൻകോയിക്കൽ ശ്രീ ശാസ്തായുടെ നൃത്തസന്ധ്യയും അരങ്ങേറി.