amjad
അംജദ്

കുന്നത്തൂർ : കാൻസർ രോഗബാധിതയായ മാതാവിന് ശാസ്താംകോട്ടയിലെ മെഡിക്കൽ സ്റ്റോറിൽ എത്തി മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം യുവാക്കൾ ബൈക്ക് തടഞ്ഞു നിറുത്തി പണം കവരുകയും മ‌ർദ്ദിക്കുകയും ചെയ്തതായി പരാതി. വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ അംജദിനെയാണ് ബുധനാഴ്ച രാത്രി എട്ടരയോടെ പള്ളിശ്ശേരിക്കൽ പള്ളിയുടെ സമീപമുള്ള ഗ്രൗണ്ടിനടുത്ത് വച്ച് അക്രമിച്ചത്. റോഡിൽ വച്ച് ബൈക്ക് തടഞ്ഞ അക്രമി സംഘം ആദ്യം പണം ആവശ്യപ്പെടുകയും പിന്നീട് ബലമായി പോക്കറ്റിൽ കിടന്ന പണം അപഹരിക്കുകയും സമീപത്തെ ഗ്രൗണ്ടിലേക്ക് പോവുകയും ചെയ്തു. പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് ഇവരോടൊപ്പം ചെന്നപ്പോൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും മുതുകിൽ ആയുധം ഉപയോഗിച്ച് വരയുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട അംജദ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും അവർ ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു.എട്ടോളംപേർ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.