പത്തനാപുരം :എം.ഡി.എം.എയുമായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ പിടിയിൽ.
പിറവന്തൂർ വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം (25) ആണ് പിടിയിലായത്. പത്തനാപുരം പൊലീസിന് വിവരം കൈമാറിയിട്ടും നടപടിയില്ലാതെ വന്നതോടെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം തന്നെ ഒടുവിൽ യുവാവിനെ പിടികൂടുകയായിരുന്നു. ആശുപത്രിയിൽ ട്രെയിനിയായി എത്തിയ ജീവനക്കാരന്റെ ടീഷർട്ടിന്റെ ഉള്ളിൽ പ്രത്യേകം അറകൾ ഉണ്ടാക്കിയാണ് 15 ഗ്രാമിന്റെ പായ്ക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. പ്രതിയെ വിശദ അന്വേഷണത്തിനായി പത്തനാപുരം പൊലീസിന് കൈമാറി. എന്നാൽ പത്തനാപുരം പൊലീസ് ഒരു വിവരവും കൈമാറാതെ വിവരം രഹസ്യമാക്കി. ഫോണിൽ വിവരം അന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ കാളുകൾ കട്ടു ചെയ്യുകയുമായിരുന്നു. ഒരാഴ്ച മുൻപ് പൊലീസ് സ്റ്റേഷന് അരികിലെ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് എം.ഡി .എം.എ പിടികൂടിയിരുന്നു. ഇതിലും തുടരന്വേഷണം പത്തനാപുരം പൊലീസ് മരവിപ്പിച്ചതായി ആക്ഷേപമുണ്ട്.