കൊല്ലം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 14 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കെ.എസ്.ആർ.ടി.സി. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിയിലായ ജീവനക്കാരായ രണ്ടുപേർക്കും ഡ്യൂട്ടിക്കെത്തിയിട്ട് അവധിയെടുത്ത് മുങ്ങിയ 12പേരും ഉൾപ്പെടെ 14 പേർക്കെതിരെയാണ് അച്ചടക്ക നടപടി.
ഏപ്രിൽ 29, 30 തീയതികളിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ അനധികൃതമായി കൂട്ട അവധിയെടുത്തതിനാലാണ് നടപടിയെന്നാണ് കെ.എസ്. ആർ.ടി.സി പുറത്തിറക്കിയ കുറിപ്പിലുള്ളത്. ഡിപ്പോയിലെ പത്ത് സ്ഥിരം ജീവനക്കാരായ ഡ്രൈവർമാരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. നാല് ബദലി വിഭാഗം (എം പാനൽ) ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റിനിറുത്തി. കഴിഞ്ഞ 29ന് രാവിലെയാണ് മദ്യപിച്ച് ഡ്യൂട്ടിയിലെത്തുന്ന ജീവനക്കാരെ പിടികൂടാൻ പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പത്തനാപുരം ഡിപ്പോയിലെത്തിയത്. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കൽ ജീവനക്കാർ, സെക്യൂരിറ്റി അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിൽ രണ്ട് ജീവനക്കാരുടെ ശ്വാസത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തി. ഇതറിഞ്ഞതോടെയാണ് ഡ്യൂട്ടിക്കെത്തിയവർ മുന്നറിയിപ്പ് പോലും നൽകാതെ കൂട്ടഅവധിയെടുത്തത്.
പരിശോധന ശക്തമാക്കിയതോടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. അപകടങ്ങളും.
കെ.എസ്.ആർ.ടി.സി അധികൃതർ