photo
കരുനാഗപ്പള്ളി ടൗണിൽ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഓട.

കരുനാഗപ്പള്ളി: ദേശീയപാതയുടെ ഇരു വശങ്ങളിലും നിർമ്മിക്കുന്ന ഓടയുടെ പണി വേഗം പൂർത്തീകരിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. ദേശീയപാതയുടെ വശങ്ങളിലുള്ള സർവീസ് റോഡ് കഴിഞ്ഞാണ് ഉയരത്തിൽ ഓട നിർമ്മിക്കുന്നത്. ഓട ഉയർന്ന് നിൽക്കുന്നതിനാൽ പല സ്ഥാപനങ്ങളും താമസക്കാരും മാസങ്ങളായി ദുരിതത്തിലാണ്.

വീടുകളിലേക്ക് കയറാൻ എളുപ്പമല്ല

സർവീസ് റോഡ് നിർമ്മിക്കുന്നതിന് മുമ്പ് ഓടയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. വീടുകളിലേക്ക് കയറാൻ ആളുകൾ പെടാപ്പാട് പെടുകയാണ്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മുറ്റത്തേക്ക് കടത്താൻ കഴിയാതെ നിലവിൽ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തിരിക്കുകയാണ്. മുതിർന്നവരെ ആശുപത്രിയിൽ കൊണ്ട് പോകണമെങ്കിൽ എടുത്ത് കൊണ്ട് വന്ന് കാറിയിൽ കയറ്റേണ്ട സ്ഥിതിയാണ്.

കടകളിൽ കച്ചവടം കുറഞ്ഞു

മിക്ക കടകളുടേയും മുന്നിൽ വ്യാപാരികൾ കട്ടകൾ ഇട്ട് താത്കാലിക പടികൾ നി‌‌ർമ്മിച്ചിരിക്കുകയാണ്. ഓടകൾ മുറിച്ച് കടക്കാൻ കഴിയാത്തതിനാൽ കടകളിൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മിക്ക ബാങ്കുകളും ദേശീയപാതയുടെ വശങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് കയറാനും ആളുകൾ വിഷമിക്കുകയാണ്. പ്രായാധിക്യം ഉള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.

ഒച്ചിന്റെ വേഗതയിൽ നിർമ്മാണം

ഓടയുടെ നിർമ്മാണത്തിന് ആനുപാതികമായി സർവീസ് റോഡുകളുടെ നിർമ്മാണവും പൂർത്തിയായാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടൊപ്പം ഓടയുടെ മറു വശം ഗ്രാവൽ ഉപയോഗിച്ച് ഉയർത്തുകയും വേണം. ഇങ്ങനെ ചെയ്താൽ ഓടയും റോഡും തമ്മിലുള്ള ഉയരം കുറയുകയും ഇപ്പോഴത്തെ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടുകയും ചെയ്യും. നിലവിലുള്ള സർവീസ് റോഡുകളുടെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. സർവീസ് റോഡുകളുടെ നിർമ്മാണം ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നത്.