കൊല്ലം: ജില്ലാ ആശുപത്രിയിലെ ഫാർമസിയിലും ഒ.പിയിലും എത്തുന്നവർ കൊടും ചൂടിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ. കുഞ്ഞുങ്ങളും പ്രായമായവരുമടക്കം നൂറുകണക്കിന് ആളുകളാണ് വലയുന്നത്.
ടോക്കണെടുക്കാനും മറ്റും വിയർത്തൊലിച്ച് ക്യൂ നിൽക്കണം. വിശാലമായ കാത്തിരിപ്പ് കേന്ദ്രമാണെങ്കിലും ആവശ്യമായ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല. ഫാർമസിയും നേത്രരോഗ പരിശോധന വിഭാഗവും ലബോറട്ടറിയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഷീറ്ര് ഇട്ട മേൽക്കൂരയ്ക്ക് താഴെ വെന്തുരുകിയാണ് രോഗികളും കൂട്ടിരിപ്പുകാരും കാത്തിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഷീറ്റ് ഉയരത്തിലാണെങ്കിലും പുറത്തുള്ളതിനേക്കാൾ ചൂടാണ് അകത്തെന്ന് ഇവിടെ എത്തുന്നവർ പറയുന്നു.
മരുന്ന് വാങ്ങാനും ലബോറട്ടറിയിൽ പരിശോധന നടത്താനും മറ്റുമായി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പലപ്പോഴും ഇരിക്കാനുള്ള സീറ്ര് പോലും കിട്ടാറില്ല. കസേരകളിൽ ചിലത് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഈ സമയത്തുള്ള നീണ്ട കാത്തിരിപ്പ് ക്ഷീണം, തളർച്ച ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളിലേക്കാണ് രോഗികളെ എത്തിക്കുന്നത്.
ഫാനുണ്ടെങ്കിലും വേണം വിശറി
ചൂട് താങ്ങാൻ വയ്യാതെ പുറത്തേക്ക് ഇറങ്ങുന്നവർക്ക് ഒ.പി കാത്തിരിപ്പ് കേന്ദ്രത്തിലും സ്ഥിതി സമാനമാണ്. കൈയിലിരിക്കുന്ന ഫയലും ഒ.പി ടിക്കറ്റും മറ്റും വിശറിയായി ഉപയോഗിച്ചാണ് രക്ഷനേടുന്നത്. ഇവിടെ ഭിത്തിയിൽ നാലു ഫാൻ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഫാനിനടുത്ത് ഇരിപ്പിടം സ്വന്തമാക്കുന്ന വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ അല്പം ആശ്വാസം കിട്ടുകയുള്ളൂ. ചൂട് അധികമായ ഭാഗങ്ങളിൽ താത്കാലികമായെങ്കിലും കൂടുതൽ ഫാനുകൾ ഏർപ്പെടുത്താൻ ആശുപത്രി അധികൃതർ തയ്യാറാകണമെന്നാണ് രോഗികളുടെയും കൂട്ടിനെത്തുന്നവരുടെയും ആവശ്യം.