കൊല്ലം: നഗര റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മേവറം- കാവനാട്, ഡീസന്റ് ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ, തിരുമുല്ലാവാരം- കച്ചേരി ജംഗ്ഷൻ റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി​.

മൂന്ന് റോഡുകളുടെയും വികസനത്തിന് 8.341 ഹെക്ടർ ഭൂമിയാണ് ആകെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കൃത്യമായ അളവ് ആദ്യം കണക്കാക്കും. തുടർന്ന് ഭൂ ഉടമകളുമായി ചർച്ച നടത്തും. സാമൂഹ്യാഘാത പഠനം, വിലനിർണയം എന്നിവയ്ക്ക് ശേഷം നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും. രണ്ട് വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ആലോചന. കെ.ആർ.എഫ്.ബിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.

സ്ഥലമേറ്റെടുക്കലിനുള്ള കണ്ടിൻജൻസി ചാർജ്ജ് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രൊജക്ട് ഓഫീസർ ആർ.എഫ്.എഫ്.ബി സി.ഇ.ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് രണ്ടാംവാരം മൂന്ന് റോഡുകളുടെ സ്ഥലമേറ്റെടുക്കലിന് കണ്ടിൻജൻസി ചാർജ്ജ് സഹിതം സംസ്ഥാന സർക്കാർ 436.15 കോടി അനുവദിച്ചിരുന്നു. നവീകരിക്കുന്ന റോഡിലുടനീളം ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും.

വീതി​ ഏറെ

മേവറം- കാവനാട് റോഡ്: 11.5 മീറ്റർ മുതൽ 20.2 മീറ്റർ വരെ

റെയിൽവേ സ്റ്റേഷൻ- ഡിസന്റ് ജംഗ്ഷൻ റോഡ്: 11.5 മീറ്റർ മുതൽ 22 മീറ്റർ വരെ

തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ്: 11.5 മീറ്റർ

കേരള റോഡ് ഫണ്ട് ബോർഡിന് നിർവഹണ ചുമതല

15 വർഷത്തെ പരിപാലന ചുമതലയും

റോഡുകൾ, നീളം, ഏറ്റെടുക്കുന്ന ഭൂമി, അനുവദിച്ച തുക

1. മേവറം- കാവനാട്: 13.15 കി. മീ, 1423 സെന്റ്, 325.52 കോടി

2. റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്: 6.3 കി.മീ, 248.64 സെന്റ്, 41.41 കോടി

3. തിരുമുല്ലാവാരം- കച്ചേരി ജംഗ്ഷൻ റോഡ്: 4.31 കി.മീ, 396.69 സെന്റ് , 68.72 കോടി

............................................

ആകെ ഏറ്റെടുക്കേണ്ട ഭൂമി - 8.341 ഹെക്ടർ