പിറവന്തൂർ: വരൾച്ച പിടിമുറുക്കിയതോടെ പിറവന്തൂർ പഞ്ചായത്തിലെ മൈക്കാമൺ വാർഡിൽ കുടിവെള്ളം കിട്ടാക്കനിയായി. വാർഡിലെ ചാങ്ങപ്പാറ,മഹാദേവർമൺ,ചണ്ണയ്‌ക്കാമൺ,വെരുകുഴി,തൊടിയിൽ കണ്ടം പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനും ഗാർഹികാവശ്യങ്ങൾക്കും ജനം വലയുന്നത്.
വാർഡിലെ ബഹുഭൂരിപക്ഷം വീടുകളിലും ജലജീവൻ മിഷൻ പ്രകാരം ഗാർഹിക കണക്ഷനുകൾ ഉണ്ടെങ്കിലും എങ്ങും വെള്ളം ലഭിക്കുന്നില്ല.പഞ്ചായത്ത് ടാങ്കർ വഴി എത്തിച്ചിരുന്ന വെള്ളം പോളിംഗ് കഴിഞ്ഞതോടെ നിലച്ച മട്ടാണ്.ആറ്റിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.
ജലക്ഷാമം പരിഹരിക്കുന്നതിൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ട്. നാട്ടുകാർ കടുത്ത അസംതൃപ്‌തിയിലാണ്. എരിവെയിലിൽ നാട്ടുകാർ ബക്കറ്റുകളുമായി ഏറെ നേരം കാത്തു നിൽക്കുന്നത് പതിവ് കാഴ്‌ച്ചയാണ്.
എസ് .സനോഷ്
കേരളകൗമുദി
ചണ്ണയ്‌ക്കാമൺ ഏജന്റ്
ബി .ജെ.പി 83 -ാം നമ്പർ ബൂത്ത് പ്രസിഡന്റ്
പ്രദേശത്തെ വരണ്ട ജലാശയങ്ങളിൽ കുഴികുത്തിയാണ് നാട്ടുകാർ നനയ്‌ക്കുന്നതും കുളിക്കുന്നതും. എന്നാൽ കുത്തിയ കുളങ്ങളിലും നിരാശയാണ് ഫലം.
ഡി.സജീവ് കുമാർ
ബി.ജെ.പി പുന്നല ഏരിയാ കമ്മിറ്റി
ജലജീവൻ മിഷന്റെ പ്രധാന കണക്ഷനുകളിൽ വെള്ളമെത്തുന്നുണ്ട്. സബ് ലൈനിലാണ് മർദ്ദമില്ലാത്തതിനാൽ പ്രതിസന്ധിയുള്ളത്. 21 വാർഡുകളിലും കുടിവെള്ള വിതരണത്തിന് കരാറെടുത്ത വ്യക്തി ഒറ്റ വാഹനത്തിലാണ് സപ്ലൈ നടത്തുന്നത്. 5000 ലിറ്ററിന്റെ ടാങ്ക് ടിപ്പറിൽ വെച്ചു നടത്തുന്ന ജലവിതരണം ദിവസം മൂന്നു വാർഡുകളിലാണ് എത്തുന്നത്. 500 ലിറ്ററിന്റെ ടാങ്കിൽ ശേഖരിക്കുന്ന ചിലർക്ക് ആശ്വാസമാണ്. ഉയർന്ന പ്രദേശമായതിനാൽ ചിലയിടത്തെങ്കിലും വാഹനം ഇറങ്ങാനും കയറാനും അസൗകര്യമുണ്ട്. പുലർച്ചെ തുടങ്ങുന്ന ജലവിതരണം രാത്രി 8 വരെ നീളുന്നു.
ബി. അനഘ
വാർഡ് മെമ്പർ