കൊല്ലം: പ്രമുഖ അഭിഭാഷകനും ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക്ക് മുൻ ദേശീയ ചെയർമാനുമായ കൈപ്പുഴ എൻ.വേലപ്പൻ നായർ (98) നിര്യാതനായി. ഒന്നരപതിറ്റാണ്ടിലധികം ഫോർവേഡ് ബ്ളോക്കിന്റെ ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം കേന്ദ്ര തൊഴിലാളി സംഘടനയായ ടി.യു.സി.സിയുടെ ദേശീയ ചെയർമാനും ആയിരുന്നു.
എൻ.ശ്രീകണ്ഠൻ നായരോടൊപ്പം പ്രവർത്തിച്ച ആദ്യകാല ആർ.എസ്.പി സംസ്ഥാന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം 1960 മുതൽ 65 വരെ ആർ.എസ്.പി പ്രതിനിധിയായി തേവള്ളി വാർഡിൽ നിന്ന് കൊല്ലം മുനിസിപ്പൽ കൗൺസിലറായി. പിന്നീട് നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം 1983ൽ ഫോർവേഡ് ബ്ളോക്കിന്റെ ഭാഗമാവുകയായിരുന്നു. ഫോർവേഡ് ബ്ളോക്കിന്റെ ദേശീയ ചെയർമാൻ പദവിയിൽ എത്തുന്ന ആദ്യമലയാളി കൂടിയായിരുന്നു കൈപ്പുഴ എൻ.വേലപ്പൻ നായർ.
വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണ പ്രകാരം നാലുതവണ ചൈന സന്ദർശിച്ചിട്ടുണ്ട്. 1956ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 66 വർഷം മേഖലയിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊല്ലം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകനുമായിരുന്നു. പത്തുവർഷം കൊല്ലം ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ഓൾ കേരള മർച്ചന്റ്സ് അസോ. സ്ഥാപക പ്രസിഡന്റും മാമ്പുഴ എൽ.പി സ്കൂൾ സ്ഥാപക മാനേജരുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് തേവള്ളിയിലെ കൈപ്പുഴ വീട്ടുവളപ്പിൽ.
ഭാര്യ: ശാരദാംബ. മക്കൾ: പരേതനായ വി.ചന്ദ്രമോഹൻ, ബീന, അഡ്വ. കൈപ്പുഴ വി.റാംമോഹൻ (ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം), വി.ശ്യാംമോഹൻ. മരുമക്കൾ: ഡോ. എം.പുരുഷോത്തമൻപിള്ള (ഡയറക്ടർ, സനാതന ഐ ഹോസ്പിറ്റൽ), രഞ്ജിനി, സായി ഗീത (ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), നിഷ.