minnal

കൊല്ലം: ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അഭ്യർത്ഥിച്ചു.

ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും അപകടം വരുത്തിയേക്കും. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഏതെങ്കിലും തരത്തിൽ മിന്നലേറ്റാൽ മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കണമെന്നും ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഇടിമിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ തുടരരുത്

 കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടണം

 ഭിത്തിയിലോ തറയിലോ തൊടാൻ പാടില്ല

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം

 ടെലിഫോൺ ഉപയോഗിക്കരുത്

 അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും പോകരുത്

 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
 ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക

 തുണികളെടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്

 ജലാശയത്തിൽ മീൻപിടിക്കാനോ കുളിക്കാനോ പാടില്ല

 മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം

 പട്ടം പറത്തരുത്

 വളർത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
 കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം ഉപയോഗിക്കാം