pasing-

കൊല്ലം: പൊലീസിനെ വെല്ലുന്ന പാസിംഗ് ഔട്ട് പരേഡ് കാഴ്‌വച്ച് കുട്ടി പൊലീസ്. ആൺ കുട്ടികളും പെൺകുട്ടികളും പൊലീസ് വേഷമണിഞ്ഞ് പരേഡിൽ പങ്കെടുത്തപ്പോൾ കാണാനെത്തിയ രക്ഷിതാക്കൾക്കും അഭിമാന നിമിഷം.

കൊല്ലം സബ് ഡിവിഷനിലെ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് സീനിയർ ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡാണ് ക്രിസ്തുരാജ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
കൊല്ലം അസി. കമ്മീഷണർ ഒഫ് പൊലീസ് അനുരൂപ് സല്യൂട്ട് സ്വീകരിച്ചു.136 എസ്.പി സി കേഡറ്റ്സുകളാണ് പരേഡിൽ പങ്കെടുത്തത്.

പരിശീലന കാലഘട്ടത്തിൽ സ്വായത്തമാക്കിയ അറിവുകൾ സമൂഹ നന്മക്കായി പ്രയോജനപ്പെടുത്തുമെന്ന് കേഡറ്റ്സുകൾ പ്രതിജ്‌ഞയെടുത്തു. സ്കൂൾ അദ്ധ്യാപകൻ പ്രവീൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കേഡറ്റ്സുകൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

ഡി.ഇ.ഒ എസ്.ഷാജി,​ എ.ഡി.എൻ.ഒ രാജേഷ്, കൊല്ലം രൂപത എഡ്യുക്കേഷണൽ സെക്രട്ടറി ഫാ. ബിനു തോമസ്, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ,​ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.