കൊല്ലം: ജനസേവനത്തിന് അധികാരം വേണ്ടെന്ന് തെളിയിച്ച നേതാവായിരുന്നു കൈപ്പുഴ വേലപ്പൻ നായർ. ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ചെയർമാനായിരിക്കെ കൈപ്പുഴയോട് പാർട്ടി ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ അവശ്യപ്പെട്ടെങ്കിലും അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. അതിന് മുമ്പേ ആർ.എസ്.പി നേതാവായിരിക്കെ ഇരവിപുരത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.

ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ നേതാവ് ആകുന്നതിന് മുമ്പ് കൈപ്പുഴ വേലപ്പൻ നായർ എൻ.ശ്രീകണ്ഠൻ നായർക്കൊപ്പം കേരളത്തിൽ ആർ.എസ്.പി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. യു.ടി.യു.സിയുടെ സംസ്ഥാന നേതാവും കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. ആർ.എസ്.പിയുടെ സമരചരിത്രത്തിലെ നിർണായക എടായ ചന്ദനത്തോപ്പ് വിപ്ലവത്തിന്റെ മുൻനിരയിൽ കൈപ്പുഴ ഉണ്ടായിരുന്നു. ഈ പ്രക്ഷോഭത്തെ തുടർന്നുണ്ടായ ചന്ദനത്തോപ്പ് വെടിവയ്പിന് ശേഷവും അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ചു. എൺപതുകളുടെ തുടക്കത്തിൽ ആർ.എസ്.പിയിലുണ്ടായ പിളർപ്പിനെ തുടർന്ന് സഖാവ് എൻ.ശ്രീകണ്ഠൻ നായരോടൊപ്പം ആർ.എസ്.പി (എസ്) രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ആർ.എസ്.പി (എസ്) നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം 1983 ൽ കേരളത്തിൽ ഫോർവേഡ്‌ ബ്ലോക്ക് പുനരുജ്ജീവിപ്പിച്ചു. ദേബബ്രത ബിശ്വാസ് ജനറൽ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ കൈപ്പുഴ പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഫോർവേഡ് ബ്ലോക്കിന്റെ അമരത്ത് എത്തുന്ന അദ്യ മലയാളിയായും അദ്ദേഹം മാറി. കൊല്ലം ബാറിലെ ഏറ്റവും ശ്രദ്ധേയനായ അഭിഭാഷകനുമായിരുന്നു കൈപ്പുഴ.

അധികാര രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയായിരുന്നു കൈപ്പുഴ വേലപ്പൻ നായരെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിസ്വാർത്ഥനായ രാഷ്ട്രീയനേതാവും നിർഭയനായ തൊഴിലാളി നേതാവുമായിരുന്നു കൈപ്പുഴ വേലപ്പൻ നായരെന്ന്‌ ഫോർവേഡ്‌ ബ്ലോക്ക്‌ ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ അനുശോചിച്ചു. പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവും പ്രഗത്ഭനായ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കൈപ്പുഴ സംശുദ്ധമായ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ഫോർവേഡ് ബ്ലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.മനോജ്‌ കുമാർ പറഞ്ഞു.