കരുനാഗപ്പള്ളി: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കരുനാഗപ്പള്ളി ടൗണിൽ നടന്ന കലാശക്കൊട്ടുമായി ബന്ധപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എയും യു.ഡി.എഫ് നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും മർദ്ദനത്തിന് ഇരയായവരുടെ പേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് കരുനാഗപ്പള്ളി ടൗണിൽ സംഗമം സംഘടിപ്പിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ സംഗമത്തിൽ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.