കൊട്ടാരക്കര: കൊട്ടാരക്കര സബ് ട്രഷറിയിൽ ഇപ്പോഴും സാങ്കേതിക വിദ്യകളൊന്നും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ഇവിടെ എത്തിച്ചേരുന്ന നൂറുകണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും ബുദ്ധിമുട്ടുകയാണ്. വാർദ്ധക്യകാല പെൻഷൻ കൈപ്പറ്റുന്നതിനായി സബ് ട്രഷറിയിൽ എത്തിച്ചേരുന്നവർക്ക് പലപ്പോഴും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു. കറൻസി കൗണ്ടിംഗ് മെഷീനും പ്രിന്ററും കമ്പ്യൂട്ടറും ഒന്നുമില്ലാത്തതാണ് ആളുകളെ വലയ്ക്കുന്നത്.

തിക്കും തിരക്കും ഇല്ലാതാക്കാൻ

ട്രഷറി സംവിധാനം ആധുനികവത്കരിക്കാൻ സർക്കാരോ, ധനകാര്യ വകുപ്പോ തയ്യാറായാൽ പെൻഷൻകാർക്കും വിവിധ ആവശ്യങ്ങൾക്കായി ട്രഷറി ഓഫീസിലെത്തിച്ചേരുന്നവർക്കും വളരെ സൗകര്യമായിരിക്കുമെന്ന് വിവിധ പെൻഷണേഴ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. ഇരുപതോളം ജീവനക്കാർ ജോലിയെടുക്കുന്ന കൊട്ടാരക്കര സബ് ട്രഷറിയിൽ 1 മുതൽ 10 വരെ നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.ബില്ലോ ചെക്കോ പാസായി സെക്ഷനിൽ വന്നാൽ പണം എണ്ണി പാസ് ബുക്കിൽ തുക രേഖപ്പെടുത്തി കഴിയുമ്പോഴേക്കും ഒരാളെ കൗണ്ടറിൽ നിന്ന് ഇടപാടു തീർത്തു വിടാൻ അഞ്ചു മിനിട്ടു വരെ വേണ്ടി വരുന്നു. എന്നാൽ കറൻസി കൗണ്ടിംഗ് മെഷീനും പ്രിന്ററും കമ്പ്യൂട്ടറും ഉണ്ടെങ്കിൽ ഒരു മിനിട്ടു കൊണ്ട് ഇടപാടുകാരെ തൃപ്തിപ്പെടുത്തി വിടാൻ കഴിയും. അതോടെ ഇവിടെ നിലവിൽ അനുഭവപ്പെടുന്ന തിക്കും തിരക്കും ബുദ്ധിമുട്ടും ഇല്ലാതാക്കാൻ സാധിക്കും.