കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ ഇഷ്ടിക നിർമ്മാണത്തിന് ചെളിയെടുത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ സബീർ (35), ഭാര്യ സുമയ്യ (30), സുഹൃത്തായ ആലപ്പുഴ വള്ളിക്കുന്നം തളിരടിയിൽ ദാവൂദ് മൻസിലിൽ സജീന (30) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. ആദ്യം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ സജീന കാൽവഴുതി ആഴത്തിൽ മുങ്ങിത്താഴ്ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് നിലവിളിച്ച് രക്ഷിക്കാനിറങ്ങിയ സബീറും സുമയ്യയും മുങ്ങിത്താഴ്ന്ന് ചെളിയിൽ പുതയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ദമ്പതികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഫയർഫോഴ്സെത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. സബീറും സുമയ്യയും അഞ്ച് ദിവസം മുമ്പാണ് മുട്ടയ്ക്കാവിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.
പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യയായ സജീന ഇൻസ്റ്റാംഗ്രാം വഴിയാണ് മുട്ടയ്ക്കാവിൽ വാടകയ്ക്ക് താമസത്തിനെത്തിയ ദമ്പതികളുമായി പരിചയത്തിലായത്. സജീന മുട്ടയ്ക്കാവിലെത്തിയിട്ട് എത്ര ദിവസമായെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. അൽ അമീൻ, അൽഫിന എന്നിവർ സജീനയുടെ മക്കളാണ്. മരിച്ച ദമ്പതികൾക്കും രണ്ട് മക്കളുണ്ട്.