കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ കല്ലുമൂട് - കൊച്ചുമാംമൂട് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് എട്ടു വർഷത്തോളമാകുന്നു. പരാതികൾ പറ‌ഞ്ഞ് മടുത്തതോടെ വല്ലാത്ത മെയ്‌വഴക്കത്തോടെ തദ്ദേശവാസികൾ ഈ റോഡിലൂടെയുള്ള കഠിനയാത്രയുമായി പൊരുത്തപ്പെട്ടു തുടങ്ങി. ഓച്ചിറ -വള്ളിക്കാവ്-കരുനാഗപ്പള്ളി എന്ന തന്ത്രപ്രധാന പാതയുടെ ഉപപാതയാണ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്. കളരിവാതുക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, സംഘപ്പുര മുക്കിലെ ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ് തുടങ്ങി നിരവധി സർക്കാർ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ ഈ റോഡ് സദാസമയവും വാഹനത്തിരക്കിലാണ്. ഇരു ചക്ര വാഹനമോടിക്കുന്നവർ പല തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

സ്‌കൂൾ തുറക്കുന്നതോടെ റോഡിൽ കൂടുതൽ വാഹനത്തിരക്കുണ്ടാകും.അധികൃതർ ഉടൻ റോഡ് നവീകരിക്കണം.

ആർ.സുനിൽകുമാർ

സെക്രട്ടറി 6092 ാം നമ്പർ

എസ്.എൻ.ഡി.പി യോഗം

ആദിനാട് തെക്ക് ശാഖ

പണി എടുക്കാൻ കരാറുകാർ തയ്യാറാകാത്തതാണ് ടാറിംഗ് വൈകാൻ കാരണം. പണം കിട്ടാൻ വൈകുമെന്ന അഭ്യൂഹവും പരന്നു. ഈ പ്രതിസന്ധിക്കിടയിലും ഒരു കരാറുകാരനെ കണ്ടെത്തി ക്വട്ടേഷൻ വ്യവസ്ഥയിൽ പണി ഏറ്റെടുപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് വിവരം. മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധിക്ക് ഔദ്യോഗികമായി ഇടപെടാനാകില്ല. തിരഞ്ഞെടുപ്പ് ചുമതലകൾ ഉണ്ടായിരുന്നതിനാൽ എ.ഇ , ഓവർസീയർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനം കഴിഞ്ഞ ഒന്നര മാസമായി ഇലക്ഷൻ സംബന്ധിച്ചായിരുന്നു.

പി.എസ്.അബ്‌ദുൽ സലിം

വാർഡ് മെമ്പർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ

കെ.എസ്.പുരം പഞ്ചായത്ത്