കൊല്ലം: നാലുവശവും വെള്ളമാണെങ്കി​ലും മൺറോത്തുരുത്തിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം. എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകുന്ന തരത്തിൽ കുഴൽക്കിണറുകളിൽ നിന്നു കൂടുതൽ ജലം പമ്പ് ചെയ്യാത്തതും പതിറ്റാണ്ടുകൾ പഴക്കമുള്ള വിതരണ പൈപ്പ് ലൈനുകൾ പലയിടങ്ങളിലും പൊട്ടി വെള്ളം ചോരുന്നതുമാണ് സ്ഥിതി വഷളാക്കിയത്.

തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളായ പട്ടംതുരുത്ത്, പൂപ്പാണി, റെയിൽവേ സ്റ്റേഷൻ പരിസരം, മാത്രക്കടവ് എന്നി​വി​ടങ്ങളി​ലാണ് കുടിവെള്ള ക്ഷാമം മൂലം ജനം വലയുന്നത്. കിണർ കുഴിച്ചാലും ശുദ്ധജലം ലഭിക്കാത്ത ഈ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള ടാപ്പുകൾ മാത്രമാണ് ആശ്രയം. തുരുത്തിലെ അഞ്ച് കുഴൽക്കിണറുകളിൽ നിന്നാണ് മൺറോത്തുരുത്ത് പഞ്ചായത്തിലെ കുടിവെള്ള വിതരണം നടക്കുന്നത്. കുഴൽക്കിണറുകളിലെ ഓട്ടോമാറ്റിക് സംവിധാനം അടി​സ്ഥാനമായുള്ള പമ്പ് സെറ്റുകൾ നിശ്ചിത സമയം മാത്രമേ പ്രവർത്തിക്കു. വേനൽ രൂക്ഷമായതോടെ കുഴൽക്കിണറുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ കൂടുതൽ സമയം പമ്പ് ചെയ്താലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തുകയുള്ളൂ. എന്നാൽ പമ്പിംഗ് സമയം ഉയർത്താൻ വാട്ടർ അതോറിട്ടി അധികൃതർ തയ്യാറാകുന്നില്ല. ജൽ ജീവൻ മിഷനിലൂടെ കൂടുതൽ വീടുകളിൽ കുടിവെള്ള ടാപ്പ് കണക്ഷനുകൾ ലഭിച്ചതും വാട്ടർ അതോറിട്ടി കണക്കിലെടുക്കുന്നില്ല. കുഴൽക്കിണറുകളിലെ പമ്പുകളും വാൽവുകളും ഷട്ടറുകളും ഇടയ്ക്കിടെ കേടാകുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമേയാണ് അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പുകൾ പലയിടങ്ങളിലും പൊട്ടി ചോരുന്നത്.

മലി​നജല പ്രവാഹം

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പൈപ്പ് പൊട്ടിയാൽ കണ്ടെത്താനാകുന്നി​ല്ല. ഇവി​ടങ്ങളി​ൽ പൈപ്പുകളിൽ മലിനജലം പ്രവേശിക്കുന്നതി​നാൽ പല സ്ഥലങ്ങളിലും പതിവായി ഓരുവെള്ളമാണ് ലഭിക്കുന്നത്. കിടപ്രം ഭാഗത്ത് നേരത്തെ ശാസ്താംകോട്ടയിൽ നിന്നു കുടിവെള്ളം എത്തിയിരുന്നു. ഇപ്പോൾ അതും ലഭ്യമാകുന്നില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്തി​ന്റെ നേതൃത്വത്തി​ൽ ലോറിയിൽ കുടിവെള്ളം എത്തിക്കാൻ അലോചിക്കുന്നുണ്ടെങ്കിലും വഴി സൗകര്യമില്ലാത്ത പ്രദേശങ്ങളിലുള്ളവ‌ർക്ക് ഗുണമുണ്ടാകില്ല.