 പാൽ ഉത്പാദനം 30,000 ലി​റ്റർ കുറഞ്ഞു

കൊല്ലം: ജില്ലയിൽ മൂന്നുമാസത്തിനിടെ, കൊടുംചൂടി​ൽ തളർന്നുവീണ് ചത്തത് 110 വളർത്തുമൃഗങ്ങൾ. കറവപ്പശുകളും ആടും കിടാരിയും എല്ലാം ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പശുക്കൾ ചത്തത് കൊല്ലം ജില്ലയിലാണ്.

ചൂട് കൂടുന്തോറും മൃഗങ്ങളിലും പക്ഷികളിലും വ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് മേയാൻ വിടുന്നവയെയാണ്. ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. പ്രതിദിന ഉത്പാദനം 30,000 ലിറ്റർ വരെ കുറഞ്ഞതായി അധികൃതർ അറിയിച്ചു. പൂച്ച, നായ്ക്കൾ, പക്ഷികൾ തുടങ്ങിയവയുടെ പരിപാലനവും ശ്രദ്ധിക്കണം.

പശുക്കളെ രക്ഷിക്കാൻ

 സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത കൂടുതലായതിനാൽ രാവിലെ 11നും വൈകി​ട്ട് 3 നും ഇടയ്ക്ക് തുറസായ സ്ഥലത്തേക്ക് വിടരുത്

 ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ തൊഴുത്തിൽ നിന്ന് മാറ്രി മരത്തണലിൽ കെട്ടുക

 തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നത് ചൂട് കുറയ്ക്കും

തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം

 സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്ക്കും

 തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം

പരമാവധി പച്ചപ്പുല്ല് നൽകുക.

ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കുക

വേണം പ്രത്യേക കരുതൽ

 വിയർപ്പുഗ്രന്ഥികൾ കുറവായതിനാൽ വിയർപ്പിലൂടെ ശരീരം തണുപ്പിക്കാൻ കഴിയാത്തവരാണ് നായ്ക്കളും പൂച്ചകളും. ശരീരത്തെ അപേക്ഷിച്ച് തല ചെറുതായ നായ്ക്കൾക്കും കട്ടിയായ രോമാവരണമുള്ള നായ്ക്കൾക്കും കൂടുതൽ കരുതൽ വേണം

 ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പല തവണകളായി നൽകണം
 ആഹാരത്തിൽ തൈര്, ജീവകം സി എന്നി​വ ഉൾപ്പെടുത്തുക
 ദിവസവും ദേഹം ബ്രഷ് ചെയ്യുക
 കുടിക്കാൻ ധാരാളം വെള്ളം നൽകുക

മൂന്നു മാസത്തിനി​ടെ ചത്ത മൃഗങ്ങളുടെ എണ്ണം

കറവപ്പശുക്കൾ: 105
കിടാരികൾ: 2
എരുമക്കിടാങ്ങൾ: 2
ആട്: 1

താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്.എം.എസ് വഴിയുള്ള മുന്നറിയിപ്പ് കർഷകർക്ക് ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധികൾ നേരിടാൻ ജില്ലയിലെ എല്ലാ മൃഗാശുപത്രികളെയും സജ്ജമാക്കിയി​ട്ടുണ്ട്. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവൻ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്

ഡോ. ഡി. ഷൈൻകുമാർ, ജില്ലാ മൃഗാശുപത്രി മേധാവി