കൊല്ലം: മൺറോത്തുരുത്തിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന കർണാടക സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ വല ബാക്ക് വാട്ടർ ഇൻസ്പെക്ടർ ഓഫീസ് നിയമവിരുദ്ധമായി പിടിച്ചെടുത്തെന്ന് പരാതി.
ഇന്നലെ രാവിലെയാണ് സംഭവം. സാധാരണഗതിയിൽ പരിശോധനയിൽ പിടിച്ചെടുക്കുന്ന സാമഗ്രികൾ ഉടമയെ രേഖാമൂലം ബോദ്ധ്യപ്പെടുത്തണം. എന്നാൽ ഫൈബർ ബോട്ടിൽ പട്രോളിംഗിന് എത്തിയ ബാക്ക് വാട്ടർ ഇൻസ്പെക്ടർ ഓഫീസിലെ ജീവനക്കാർ പിടിച്ചു പറിക്കാരെപ്പോലെ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളി സ്ത്രീയിൽ നിന്ന് വല പിടിച്ചെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ മത്സ്യബന്ധനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ അഷ്ടമുടിക്കായലിൽ തന്നെ മൺറോത്തുരുത്തിന്റെ ഓരങ്ങളിൽ ലൈസൻസും രജിസ്ട്രേഷനുമില്ലാതെ മറ്റുള്ളവർ നടത്തുന്ന മത്സ്യബന്ധനം ഫിഷറീസ് വകുപ്പ് കണ്ണടയ്ക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. കുറഞ്ഞ വിലയ്ക്ക് ഉൾനാടൻ മത്സ്യങ്ങൾ ലഭ്യമാക്കുന്ന ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികൾ നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു.