കൊല്ലം: കൊല്ലം തോടിന് കുറുകെ മുണ്ടയ്ക്കലിൽ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഡബിൾ ലൈൻ പാലം നിർമ്മിക്കാൻ സർക്കാർ 8.44 കോടി രൂപ അനുവദിച്ചു. പാലം വരുന്നതോടെ കൊല്ലം തോട് വഴിയുള്ള ഗതാഗതവും കോളേജ് ജംഗ്ഷൻ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ തീരദേശ റോഡിലേക്കുള്ള പ്രവേശനവും സുഗമമാകും.
കൊല്ലം തോട് ഉൾപ്പെടുന്ന ദേശീയജലപാത വഴി വിനോദ സർവീസിന് പുറമേ വലിയ യാനങ്ങളിൽ ചരക്ക് നീക്കവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വീതിയും ഉയരവും കുറവുള്ള മുണ്ടയ്ക്കൽ പാലം വലിയ യാനങ്ങൾ കടന്നുപോകുന്നതിന് തടസമാണ്. ഈ പരിമിതി മറികടക്കാനാണ് മുണ്ടയ്ക്കൽ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നത്.
മുണ്ടയ്ക്കൽ പാലം സ്ഥിതി ചെയ്യുന്നിടത്ത് തോടിന് 14.5 മീറ്റർ വീതിയേ ഇപ്പോഴുള്ളു. ഉയരം നാല് മീറ്റർ മാത്രമാണ്. തോടിന് 20 മീറ്ററിലധികം വീതി ലഭിക്കുന്നതിന് പുറമേ ജലനിരപ്പിൽ നിന്ന് പരമാവധി 5 മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇപ്പോഴത്തെ സിംഗിൾ ലൈൻ പാലത്തിന് കഷ്ടിച്ച് 3.5 മീറ്റർ വീതിയേയുള്ളു. 10.5 മീറ്റർ വീതിയിലാകും പുതിയ പാലം. 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ രണ്ട് വരിപ്പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.
ടെണ്ടർ രണ്ട് മാസത്തിനകം
മുണ്ടയ്ക്കൽ പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്തതിനാൽ നേരിട്ട് നിർമ്മാണത്തിലേക്ക് കടക്കാനാകും. ഏറെ വൈകാതെ വിശദ രൂപരേഖ തയ്യാറാക്കി രണ്ട് മാസത്തിനുള്ളിൽ സാങ്കേതിക അനുമതി വാങ്ങി നിർമ്മാണം ടെണ്ടർ ചെയ്യാനാണ് ആലോചന.
മുണ്ടയ്ക്കൽ പാലം പൊളിച്ച് പുതിയ രണ്ടുവരിപ്പാലത്തിന് 2021 ൽ 5.5 കോടി രൂപയുടെ ഭരണാനുമതിയായിരുന്നു. സംസ്ഥാന ജലപാതയ്ക്ക് കുറുകെയുള്ള പാലമായതിനാൽ കൂടുതൽ സാങ്കേതിക മികവുണ്ടാകണമെന്ന തന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഇപ്പോൾ 8.44 കോടി അനുവദിച്ചത്.
എം.നൗഷാദ് എം.എൽ.എ