അഞ്ചൽ: സബ് ട്രഷറിയിൽ നിന്ന് ബില്ലുകൾ തിരികെ നൽകിയത് കാരണം പഞ്ചായത്തിന് കോടികളുടെ നഷ്ടമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ രാജീവ് കോശി ആവശ്യപ്പെട്ടു. 2023-24 വാർഷിക പദ്ധതി നിർവഹണം നടത്തിയതിൽ 1.36കോടി പരം രൂപയുടെ ബില്ലാണ് അഞ്ചൽ സബ് ട്രഷറിയിൽ നിന്ന് നിർവഹണ ഉദ്യോഗസ്ഥർക്ക് തിരികെ നൽകിയത്. അതിനാൽ കാരാർ പണി ഏറ്റെടുത്ത കോൺട്രാക്ടർമാ‌ർ ദുരിതത്തിലായി. അഞ്ചൽ സബ് ട്രഷറിയിൽ ബില്ലുകൾ യഥാ സമയം സമ‌ർപ്പിച്ചിട്ടും സർക്കാർ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായി ബില്ലുകൾ തിരികെ വിട്ട നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളെ അട്ടിമറിക്കുന്നതിനാണെന്ന് സംശയിക്കുന്നതായും രാജീവ് കോശി പറഞ്ഞു. ഗവ. നിർദ്ദേശം ഉണ്ടായിട്ടും 2023-24 സാമ്പത്തിക വർഷത്തിൽ പാസാക്കാതിരുന്ന മുഴുവൻ തുകയും 2024-25 ൽ അധികം അലോട്ട്മെന്റായി അനുവദിക്കണമെന്നും രാജാവ് കോശി ആവശ്യപ്പെട്ടു.ഇതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണോ ബില്ലുകൾ തിരിച്ചയക്കാൻ കാരണമെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നട്ടുണ്ട്.