photo

മൂന്ന് വർഷം മുമ്പ് 15 കോടി ചെലവഴിച്ച് നവീകരണം

പുനലൂർ: അലിമുക്ക്-അച്ചൻകോവിൽ വനപാത വീണ്ടും നാശത്തിലേക്ക്. മൂന്ന് വർഷം മുമ്പ് 15 കോടി ചെലവഴിച്ച് നവീകരിച്ച വന പാതയാണ് തകർച്ചയിലായത്. പാതയിലെ ഓലപ്പറ അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ റോഡ് തകർന്ന നിലയിലാണ്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് ആരംഭിക്കുന്ന വന പാതയിലെ അലിമുക്ക് മുതൽ അര കിലോമീറ്ററോളം ദൂരം റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് ആറ് മാസം കഴിഞ്ഞു. 15 വർഷത്തോളം തകർന്ന് കിടന്ന വനപാത പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അച്ചൻകോവിൽ നിവാസികളായ മലയോര കർഷകർ ഹർത്താൽ അടക്കമുള്ള സമര പരിപാടികൾ ആവിഷ്കരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മുൻ മന്ത്രിയായ കെ.രാജുവിന്റെ ശ്രമഫലമായാണ് മൂന്ന് വർഷം മുമ്പ് 15 കോടിയോളം രൂപ ചെലഴിച്ച് നവീകരിച്ചത്.

യാത്രക്കാർ ആശങ്കയിൽ

അലിമുക്ക്,കറവൂർ,കടമ്പുപാറ,തുറ വഴി അച്ചൻകോവിലിലേക്ക് നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും കടന്ന് പോകുന്നവഴിയാണിത്. പാത കടന്ന് പോകുന്ന നിരവധി സ്ഥലങ്ങളിൽ പാർശ്വ ഭിത്തികളോ, കലങ്കുകളോ നിർമ്മിക്കാത്തത് വാഹന യാത്രക്കാരെ കടുത്ത ആശങ്കയിലാക്കുകയാണ്.
ശബരിമല സീസണിൽ തമിഴ്നാട്, കർണ്ണാടക,ആന്ധ്രാ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തർ അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ദർശനവും കഴിഞ്ഞ് വനപാത വഴിയാണ് ശബരിമല ദർശനത്തിന് പോകുന്നതും മടങ്ങി വരുന്നതും. ഇത് കൂടാതെ അച്ചൻകോവിൽ, മുതലത്തോട്, മുള്ളമല പ്രദേശങ്ങളിലെ ആദിവാസികൾ അടക്കമുള്ള താമസക്കാർ താലൂക്ക് ആസ്ഥാനമായ പുനലൂരിലും പുനലൂരിലെ ഗവ.താലൂക്ക് ആശുപത്രിയിലും എത്തുന്നതും ഈ വനപാത വഴിയാണ്. ഇതുകൂടി കണക്കിലെടുത്താണ് അലിമുക്ക്-അച്ചൻകോവിൽ വന പാത കോടികൾ ചെലവഴിച്ച് നവീകരിച്ചത്. എന്നാൽ നിർമ്മാണ ജോലികളിലെ അപാകതയാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.