കഴിച്ചത് അൽഫാമും ഷവർമയും
കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നു പാഴ്‌സലായി വാങ്ങിയ അൽഫാമും ഷവർമയും കഴിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് ഭക്ഷ്യവിഷബാധ. ചടയമംഗലം കീഴ്‌തോണി സ്വദേശി അജ്മി മൻസിലിൽ ഫയാസിന്റെ (7) നില ഗുരുതരമാണ്. മാതാവ് അജ്മി ഉൾപ്പെടെയുള്ളവർക്കാണ് വിഷബാധയേറ്റത്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫയാസിന്റെ വയറ്റിൽ ബാക്ടീരിയയുടെ അംശം കണ്ടെത്തി. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ചടയമംഗലം പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ഹോട്ടൽ ന്യൂ അയ്യപ്പാസിൽ നിന്ന് അൽഫാമും ഷവർമ്മയും പാഴ്സൽ വാങ്ങിയവർക്കാണ് ഛർദ്ദിയും വയറ്റിളക്കവും അനുഭവപ്പെട്ടത്. ഏഴ് വയസുകാരനും അമ്മയും ഒഴികെയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക ശേഷം വീടുകളിലേക്ക് മടങ്ങി. ഫുഡ് സേഫ്ടി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
സംഭവം നടന്നതിന്റെ അടുത്തദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ കടയിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ചടയമംഗലം പഞ്ചായത്ത് അധികൃതരും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരും ചേർന്ന് ഹോട്ടൽ അടപ്പിച്ചു. മയണൈസിൽ നിന്നാണോ കോഴിയിറച്ചിയിൽ നിന്നാണോ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് പരിശോധന ഫലം ലഭിച്ച ശേഷമേ പറയാനാവുകയുള്ളൂ എന്ന് ഭക്ഷ്യസുരക്ഷവകുപ്പ് അധികൃതർ പറഞ്ഞു.
പാഴ്സലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിച്ച ലേബലിംഗ് ഇല്ലായിരുന്നു. ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് അസി.കമ്മീഷണർക്ക് കൈമാറി. സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.