കൊല്ലം: നാടാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിനിടയിൽ പൈപ്പ് പൊട്ടി കഴിഞ്ഞ ഒന്നരയാഴ്ച കുടിവെള്ളം റോഡിലൂടെ കുത്തിയൊലിച്ച് ഒഴുകിയിട്ടും ഉദ്യോഗസ്ഥർ ഉറക്കത്തിൽ. പാരിപ്പള്ളി- പരവൂർ റോഡിൽ പാമ്പുറത്താണ് നാവ് നനയ്ക്കാനുള്ള വെള്ളത്തിനായി പെടാപ്പാട് പെടുന്ന ജനങ്ങൾക്ക് മുന്നിലൂടെ കുടിവെള്ളം പാഴാകുന്നത്.
പൈപ്പ് പൊട്ടിയപ്പോൾ തന്നെ നാട്ടുകാർ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാലെ അറ്റകുറ്റപ്പണി നടക്കുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തലൂയുരുകയായിരുന്നു. വലിയ അളവിൽ ജലം ചോരുന്നതിനാൽ പ്രദേശത്തെ വലിയൊരു വിഭാഗം വീടുകളിൽ കുടിവെള്ളം ലഭിക്കുന്നില്ല.
ഇതോടെ ഒരാഴ്ച മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിളിച്ച് അറ്റകുറ്രപ്പണി നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. റോഡ് കുഴിക്കാനായി പൊതുമരാമത്ത് വകുപ്പിന് കത്ത് കൊടുത്തിരിക്കുകയാണെന്നാണ് അന്ന് ഉദ്യോഗസ്ഥർ നൽകിയ മറുപടി. എല്ലാ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ ജലം ചോർന്നിട്ടും പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി വേഗത്തിലാക്കാനുള്ള ഇടപെടൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി.