പുനലൂർ: തെന്മല പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചേംബറിൽ ഉപരോധിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിലും ജലക്ഷാമം രൂക്ഷമായെങ്കിലും കുടിവെള്ളം വിതരണം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഒരു സ്വകാര്യ വ്യക്തിയെ കൊണ്ട് വല്ലപ്പോഴും ജല വിതരണം നടത്താറുണ്ടെങ്കിലും ഭൂരിപക്ഷം വാർഡുകളിലും കുടി വെള്ളം കിട്ടാക്കനിയായി മാറി. ടെണ്ടർ നടപടികൾ സ്വീകരിച്ച് ജലവിതരണം നടത്താത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയെ അംഗങ്ങൾ ഉപരോധിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രമീളകുമാരി, വിജയശ്രി ബാബു, അനുപമ, നസിയത്ത് ഷാനവാസ്,അമ്പളി സന്തോഷ് , മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ജോസഫ്, സി.പി.എം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുരേഷ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം സംഘടിപ്പിച്ചത്.