photo

കരുനാഗപ്പള്ളി: ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ തൊടിയൂർ ആശാമുക്ക് സ്വദേശി പൊയ്യക്കരയിൽ സരസ്വതിയ്ക്ക് (73) പവിത്രേശ്വരം സായന്തനത്തിൽ അഭയം. ഭർത്താവും രണ്ട് മക്കളും നഷ്ടപ്പെട്ട സരസ്വതി നരകതുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. ശരീരത്തിന്റെ ഒരു വശം തളർന്നതോടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. മാനസിക വികാസം ഇല്ലാത്ത ചെറുമകനോടൊപ്പമായിരുന്നു താമസം. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നാട്ടുകാരാണ് എല്ലാ കാര്യങ്ങൾക്കും സഹായിച്ചത്. സരസ്വതിയുടെ ദുരിത ജീവിതം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം സായന്തനം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സായന്തനം അധികൃതർ വീട്ടിൽ എത്തി സരസ്വതിയെ ഏറ്റെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ് കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർകാരിക്കൽ ,ജീവനം ചെയർമാൻ എസ്.ആർ. അരുൺ ബാബു. വർക്കിംഗ് ചെയർമാൻ ബി.എസ്.ഗോപകുമാർ, ട്രഷറർ സുഗതൻ, സുനിൽ ക്ടാക്കോട്ടിൽ , സോമരാജൻ പൊന്നപ്പോഴേത്ത്, മണിയൻപിള്ള, ടി.മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.