കരുനാഗപ്പള്ളി: വ്യാപാര സ്ഥാപനങ്ങൾക്ക് നഗരസഭയിൽ നിന്ന് സമയബന്ധിതമായി ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ അധികൃതർക്ക് നിവേദനം നൽകി.

നഗരസഭയിൽ എത്തുന്ന ലൈസൻസ് അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കി പുതിയത് നൽകുന്നതിന് ചുമതലയുള്ള ജെ.എച്ച്.എെമാരിൽ ഒരാൾ കഴിഞ്ഞ ഒരുമാസമായി അവധിയായതിനാൽ ഇയാൾക്ക് ചുമതലയുള്ള ഡിവിഷനുകളിൽ ലൈസൻസുകൾ പുതുക്കാൻ കാലതാമസം നേരിടുകയാണ്. പകരം ജീവനക്കാരെ നിയമിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാത്ത കടകളിൽ നിന്നുള്ള യൂസർ ഫീ ഒഴിവാക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. കരുനാഗപ്പള്ളി സമിതി ഏരിയ പ്രസിഡന്റ് റെജി ഫോട്ടോ പാർക്ക്, സെക്രട്ടറി എം.എസ്.അരുൺ, വൈസ് പ്രസിഡന്റ് ഷാനവാസ് ബഷീർ, ട്രഷറർ ശിവൻകുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്യാം കോഴിക്കോട്, നസ്രിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.