guru
പന്മന ആശ്രമത്തിൽ നടന്ന കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി,​ കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ സമീപം

പന്മന: ചട്ടമ്പിസ്വാമികളും കുമ്പളത്ത് ശങ്കുപ്പിള്ളയും നാടിന്റെ പുണ്യമാണെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി നടന്ന ആശ്രമ സ്ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്പളത്തിന്റെ ധീരമായ ശൈലിയാണ് തന്നെ ആകൃഷ്ടനാക്കിയത്. ഏത് വിഷയവും ധൈര്യസമേതം നേരിടാൻ അദ്ദേഹം കാട്ടിയ ജാഗ്രത ആരെയും ആകർഷിക്കുന്നതാണ്. കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും ചട്ടമ്പിസ്വാമികളുടെയും ജീവചരിത്രവും മാഹാത്മ്യവും പഠനവിധേയമാക്കാൻ നമ്മൾ ഒരുപാട് താമസിച്ചുപോയി. കുമ്പളത്തിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായാണ് ചട്ടമ്പിസ്വാമികൾ പന്മനയിൽ എത്തിയത്. ഇരുവരുടെയും സാമീപ്യത്താൽ പന്മന ദേശം ചരിത്രത്തിന്റെ ഭാഗമായി. വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടു പോകുക എന്ന് ചട്ടമ്പിസ്വാമികളും വിദ്യകൊണ്ട് പ്രബുദ്ധരാവാൻ ഗുരുദേവനും അരുൾ ചെയ്തത് അക്കാലഘട്ടത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പന്മന ആശ്രമത്തിന്റെ നവോത്ഥാനത്തിന് നടപടി കൈക്കൊള്ളുമെന്നും കുമ്പളത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ നൽകുമെന്നും ഗവർണർ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. ആശ്രമത്തിന്റെ ഉപഹാരം സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ സി.വി.ആനന്ദബോസിന് കൈമാറി. മഹാഗുരു വർഷം സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ കോലത്ത് വേണുഗോപാൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു, കവി കുരീപ്പുഴ ശ്രീകുമാർ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, അരുൺ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് കുമ്പളത്ത് സ്മൃതി മണ്ഡപത്തിൽ ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി. തുടർന്ന് വിവിധ സംഘടനകളും സ്വാമി ഭക്തരും പുഷ്പാർച്ചന നടത്തി.