vyshakh

എഴുകോൺ : കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി കുറ്റ കൃത്യങ്ങൾ തുടർന്ന പ്രതിയെ വീണ്ടും ജയിലിലടച്ചു. എഴുകോൺ നെടുമ്പായിക്കുളം ചരുവിള പുത്തൻവീട്ടിൽ വൈശാഖ് (36) നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം എഴുകോൺ പൊലീസ് പിടികൂടി കരുതൽ തടങ്കലിലാക്കിയത്.

എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വൈശാഖ്. ഫെബ്രുവരിയിൽ കുണ്ടറയിലെ ഒരു ഭക്ഷണ ശാലയ്ക്ക് സമീപം വച്ച് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഇതോടെയാണ് വീണ്ടും കാപ്പ ചുമത്താൻ റിപ്പോർട്ട് നൽകിയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം മുളവന ബിവറേജസ് ഷോപ്പിന് മുന്നിൽ ഫോൺ ഓണാക്കിയപ്പോൾ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. നിരവധി കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടുള്ള വൈശാഖ് അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാരെ ആക്രമിക്കാൻ ജയിലിൽ വച്ച് ഗൂഡാലോചന നടത്തിയ കേസിലും പ്രതിയാണ്. എഴുകോൺ ഐ.എസ്.എച്ച്.ഒ ടി.വിജയകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ. ഇൻസമാം, സി.പി.ഒ.മാരായ കിരൺ, രാഹുൽ, അഭിജിത്ത്, റോഷ്,അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കി.

രണ്ടാമതും കാപ്പ ചുമത്തിയതിനാൽ ഒരു വർഷം കരുതൽ തടങ്കൽ അനുഭവിക്കേണ്ടി വരും.