ഓടനാവട്ടം: പരുത്തിയറ ബുള്ളറ്റ് മുക്കിൽ എം.പി ഫണ്ടിൽ നിന്ന് പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചത് വെറും 5 ദിവസം മാത്രം. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വളരെ ആഘോഷത്തോടെയാണ് വഴി വിളക്കിന്റെ പ്രകാശനം നടത്തിയത്. പ്രദേശ വാസികൾ വളരെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചതും. എന്നാൽ ദിവസങ്ങൾ കഴിയും മുമ്പേ ലൈറ്റ് കണ്ണടച്ചു. ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് നാടകം
തിരഞ്ഞെടുപ്പിന് പ്രീതി കിട്ടാൻ യു.ഡി .എഫ് നടത്തിയ നാടകമായിരുന്നു ലൈറ്റ് ഉദ്ഘാടനെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ്
ലൈറ്റ് എത്രയും പെട്ടന്ന് നാടിന് ഉപയോഗപ്രദമാക്കണം. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശ വാസികളുടെ തീരുമാനം.