arun
അരുൺ ,ആംബുലൻസ് ഡ്രൈവർ

കൊല്ലം: പക്ഷാഘാതം കിടപ്പിലാക്കിയ പശ്ചിമ ബംഗാൾ സ്വദേശിനി​ ബോധിനി ഭാഹന് (60) ജന്മനാട്ടിലേക്ക് പോകാൻ ആഗ്രഹം. കരുനാഗപ്പള്ളി കാരൂർകടവിലെ കട്ടച്ചൂള കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സോതിസ്‌കയ്‌ക്ക് വിമാനത്തിൽ കയറി പരിചയവുമില്ല. കരുനാഗപ്പള്ളിയിലെ ആംബുലൻസ് ഡ്രൈവർമാരെ സമീപിച്ചു. പലരും ഒഴിഞ്ഞുമാറി. ഒടുവിൽ കരുനാഗപ്പള്ളി സ്വദേശിയും എമിറേറ്റ്സ് ആംബുലൻസ് ഉടമയുമായ കിരണിന്റെ (27) അടുത്തെത്തി. സോതിസ്‌കി​ന്റെ സങ്കടം കേട്ട കിരൺ സുഹൃത്തും ഡ്രൈവറുമായ അരുൺ കുമാറിനോട് (27) പറഞ്ഞു. അരുണിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. കഴിഞ്ഞ 21ന് രാവിലെ 7ന് ബോധിനിയുമായി അരുൺ​ ആംബുലൻസി​ൽ പുറപ്പെട്ടു.

രണ്ടര ദിവസം കൊണ്ട് ആംബുലൻസ് റായ്ഗഞ്ചിലെത്തി. അരുൺ ഒറ്റയ്ക്കാണ് വണ്ടി ഓടിച്ചത്. ബോധി​നി​ക്കൊപ്പം സോതിസ്‌കയും ഭാര്യയും രണ്ട് മക്കളും. കൈയിലുള്ള 40,000 രൂപ സോതിസ്ക നൽകി. മടങ്ങാനിറങ്ങുമ്പോൾ നാട്ടുകാർ പിരിവെടുത്ത 50,000 രൂപ സ്നേഹത്തോടെ കൈമാറി. ഇന്ധനച്ചെലവ് മാത്രം 45,000 രൂപ. അവരുടെ സന്തോഷത്തിന്റെ നിറവിൽ അരുൺ ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങി.അങ്ങോട്ടും ഇങ്ങോട്ടുമായി താണ്ടിയത് 5,800കിലോമീറ്റർ.

ഉറ്റ സുഹൃത്തുക്കൾ

ചെറുപ്പം മുതൽ ഉറ്റ സുഹൃത്തുക്കളാണ് അരുണും കിരണും. ആംബുലൻസ് ഉടമയായ കരുനാഗപ്പള്ളി ഗീതാഞ്ജലിയിൽ കിരണും ഡ്രൈവറാണ്. കൊവിഡ് കാലത്ത് സൗജന്യ സർവീസ് നടത്തി. രണ്ടു വർഷമായി എമിറേറ്റ്സ് എന്ന പേരിൽ കരുനാഗപ്പള്ളിൽ ആംബുലൻസ് സർവീസ് നടത്തുന്നു. ഒരു വർഷം മുമ്പാണ് കരുനാഗപ്പള്ളി കുമാരഭവനത്തിൽ അരുൺ ഡ്രൈവറായെത്തുന്നത്. രണ്ടുവർഷമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഐ.സി.യു ആംബുലൻസ് ഓടിക്കുകയാണ് കിരൺ.

ഒരുപാട് സന്തോഷത്തോടെയാണ് ദൗത്യം ഏറ്റെടുത്തത്. യാത്രയിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. നിറഞ്ഞ സ്നേഹത്തോടെയാണ് റായ്ഗഞ്ചിലെ നാട്ടുകാർ സ്വീകരിച്ചത്.

അരുൺ, ആംബുലൻസ് ഡ്രൈവർ

ആവശ്യം കേട്ടപ്പോൾ കൈയൊഴിയാൻ തോന്നിയില്ല. കുടുംബത്തിന്റെ സന്തോഷത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്.

കിരൺ, ആംബുലൻസ് ഉടമ