പത്തനാപുരം :പരിക്കേറ്റ് ജനവാസ മേഖലയിൽ നിലയുറപ്പിച്ച ആന ഭീതി സൃഷ്‌ടിക്കുന്നു. പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക് ,അച്ഛൻകോവിൽ ,കറവൂർ ഭാഗങ്ങളിലെ കേരളാ ഫോറസ്‌റ്ര് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ കൃഷി നശിപ്പിച്ച ആറോളം ആനക്കൂട്ടത്തിൽ നിന്ന് കൂട്ട് തെറ്രി റോഡുവക്കിൽ നിലയുറപ്പിച്ച ആനയാണ് നാട്ടിൽ ഭീതി പരത്തുന്നത്.ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നു ചെവി ഭാഗത്തുണ്ടായ ആഴമേറിയ മുറിവുമായാണ് ഈ ആന മാത്രം കാടുകയറാതെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചത്.കാൽനടക്കാരായ പലരെയും ഈ ആന ഓടിച്ചിരുന്നു. വനപാലകരെ വിവരം അറിയിച്ചെങ്കിലും ആനയ്‌ക്ക് ചികിത്സ നൽകാനോ കാടുകയറ്റി വിടാനോ അവർ ശ്രമിക്കുന്നില്ലെന്നു ആക്ഷേപം ഉയരുന്നു. എന്നാൽ വനപാലകർ ആനയ്‌ക്ക് ചികിത്സ നൽകിയെന്ന് ഫോറസ്‌റ്റ് വാച്ചർമാർ പറഞ്ഞു.ഇപ്പോൾ അമ്പനാർ ഭാഗത്തേക്ക് നീങ്ങിയ ആന വനത്തിലെ തോടു മുറിച്ചു കടന്നു ഉൾവനത്തിലെ മുളങ്കാട്ടിലേക്ക് നീങ്ങിയതായാണ് വിവരം.
വന്യമൃഗ ശല്യം രൂക്ഷം
പുന്നല ഭാഗത്ത് അടുത്തിടെയാണ് ഒരു ആന ആഹാരവും വെള്ളവും കിട്ടാതെ ചരിഞ്ഞത് ചാങ്ങപ്പാറ മേഖലയിലും വന്യമൃഗ ശല്യം രൂക്ഷമാണ്. നേരത്തെ ടൂ വീലറിൽ മ്ലാവ് തട്ടി യുവാവ് മരിച്ചിരുന്നു.
സത്വര നടപടിയുണ്ടാകണം
ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാനും അവയ്‌ക്ക് ചികിത്സയും വെള്ളവും ഭക്ഷണവും ഉറപ്പു വരുത്താൻ സത്വര നടപടിയുണ്ടാകണമെന്ന് ബി.ജെ.പി പുന്നല ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഡി.സജീവ്കുമാർ, 83 ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സജോഷ്‌കുമാർ , 84 ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ശശിധരൻ ചാങ്ങപ്പാറ എന്നിവർ ആവശ്യപ്പെട്ടു.