കരുനാഗപ്പള്ളി: സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. എല്ലാ സ്കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻതൂക്കം നൽകുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് പണികൾ നടക്കുന്നത്.
കരുനാഗപ്പള്ളി ഉപജില്ലയിൽ 11672 കുട്ടികൾ
സർക്കാർ
36 എൽ.പി, യു.പി സ്കൂളുകൾ
മാനേജ്മെന്റ്
19 സ്കൂളുകൾ
ഹൈസ്കൂൾ 17
10 സർക്കാർ 7 മാനേജ്മെന്റ്
എസ്.എസ്.കെ ഫണ്ട് വിനിയോഗം
60 ശതമാനം കേന്ദ്രസർക്കാരും
40 ശതമാനം സംസ്ഥാന സർക്കാരും
സർക്കാർ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുന്ന മുഴുവൻ തുകയും ചെലവഴിക്കുന്നത് എസ്.എസ്.കെ ആണ്. മൊത്തം തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. എയ്ഡഡ് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ ആദ്യം മാനേജ്മെന്റ് നടത്തണം. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്ന് ചെറിയ തോതിലുള്ള ആനുകൂല്യം മാനേജ്മെന്റിന് പിന്നീട് ലഭിക്കും. എല്ലാ കുട്ടികൾക്കും നല്ലരീതിയിൽ പഠിക്കുന്നതിനുള്ള സൗകര്യ ഒരുക്കലാണ് തദ്ദേശ സ്വ.യംഭരണ സ്ഥാപനങ്ങളും, സ്കൂൾ പി.ടി.എ കമ്മിറ്റിയും ഇപ്പോൾ ചെയ്യുന്നത്. എല്ലാ പണികളും ഈ മാസം 25ന് മുമ്പായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ 17 സ്കൂളുകളാണ് ഉള്ളത്. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി 1.5 കോടി രൂപ അനുവദിച്ച് പ്രവൃത്തികൾ പുരോഗമിച്ച് വരുന്നു. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഇപ്പോൾ നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം ഇന്ന് നടക്കും.
കോട്ടയിൽ രാജു
മുൻസിപ്പൽ ചെയർമാൻ