ഫ്ലോട്ടിംഗ് സോളാർ പദ്ധതി ....300 കോടി രൂപ .....50 മെഗാവാട്ട് വൈദ്യുതി
350 ഏക്കർ പാടശേഖരത്തിൽ
ശാസ്താംകോട്ട :പടിഞ്ഞാറെ കല്ലടയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഇപ്പോഴും കടലാസിൽ തന്നെ. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പദ്ധതി നടത്തിപ്പിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. 300 കോടി രൂപ ചെലവഴിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി. സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തടസങ്ങൾ നീങ്ങിയിട്ടും
സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂഉടമകൾക്കും ലഭിക്കും. ഭൂഉടമകളിൽ നിന്ന് 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിന് ഏറ്റെടുക്കുന്നത്. വൈദ്യുതി വില സംബന്ധിച്ച് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻ.എച്ച്.പി.സി) കെ.എസ്.ഇ.ബിയും ധാരണയിൽ എത്തിയതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കരുതിയെങ്കിലും മെല്ലെപ്പോക്ക് തുടരുകയാണ് .
വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും.
ശാസ്താംകോട്ട വൈദ്യുത സെക്ഷൻ ഓഫീസ് പരിധിയിലെ വൈദ്യുതി തടസത്തിനും വോൾട്ടേജ് ക്ഷാമത്തിനും പടിഞ്ഞാറെ കല്ലടയിൽ സോളാർ പദ്ധതി യാഥാർത്ഥ്യമായാൽ ഒരു പരിധിവരെ പരിഹാരമാകും. 35000 ന് മുകളിൽ ഉപഭോക്താക്കളുള്ള ശാസ്താംകോട്ട സെക്ഷൻ ഒഫീസ് വിഭജിച്ച് പടിഞ്ഞാറെ കല്ലടയിലെ കാരാളിമുക്ക് കേന്ദ്രമാക്കി സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പദ്ധതി നടത്തിപ്പിന് കരാറെടുത്ത അപ്പോളോ കമ്പനിക്ക് വർക്ക് ഓർഡർ ലഭിക്കാത്തതിനാലാണ് പദ്ധതി നിർമ്മാണം ആരംഭിക്കാത്തത്.പദ്ധതിയുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡോ.സി. ഉണ്ണികൃഷ്ണൻ
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്