കൊല്ലം: തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപം ബൈക്ക് തടഞ്ഞ് നിറുത്തി യാത്രക്കാരെ കമ്പിവടി ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മനയിൽ കുളങ്ങര കല്ലുംപുറത്ത് വീട്ടിൽ അനന്തുവാണ് (32) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ശക്തികുളങ്ങര കന്നിമേൽച്ചേരി സ്വദേശി വിദ്യാസാഗറിനെയും (45) സുഹൃത്തായ പ്രശാന്തിനേയുമാണ് ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയായി​രുന്നു സംഭവം. തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപത്തുള്ള റോഡിൽ വച്ച് ഇരുവരെയും ഇയാൾ തടഞ്ഞ് നിറുത്തി കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വിദ്യാസാഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഒ മാരായ ഷമീർ, സലീം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.