അഞ്ചാലുംമൂട്: കുരീപ്പുഴയിൽ അടിപ്പാതയ്ക്ക് സമീപമുള്ള വടക്കേച്ചിറയിൽ തെരുവ് വിളക്കുകൾ കത്താത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ബൈപ്പാസ് ആറു വരിയാക്കുന്നതിന്റെ ഭാഗമായി കൊച്ചാലുംമൂട് ഭാഗത്തെ റോഡിലേക്കുള്ള പ്രധാന വഴി അടച്ചിരിക്കുകയാണ്. ഇതിനാൽ കൊച്ചാലുംമൂട്ടിലേക്കുള്ള വാഹനങ്ങളും കൊച്ചാലുംമൂട്ടിൽ നിന്ന് കടവൂരിലേക്കുള്ള വാഹനങ്ങളും ഇപ്പോൾ കുരീപ്പുഴ വടക്കേചിറയിലൂടെയാണ് കടന്ന് പോകുന്നത്. മതിയായ വെളിച്ചമില്ലാത്തതിനാൽ ഈ വഴി രാത്രി സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇവിടെ തെരുവ് വികളക്കുകൾ കത്തിയിട്ട് ആഴ്ചകളായി.

വെളിച്ചം കുറവായതിനാൽ ബൈപ്പാസിലേക്ക് കയറുന്നതിന് പകരം പല വാഹനങ്ങളും വഴിതെറ്റി പ്ലാവറക്കാവ് റോഡിലേക്ക് പോകുന്ന അവസ്ഥയുമുണ്ട്. കാൽനട യാത്രക്കാരുൾപ്പെടെ ജീവൻ പണയം വച്ചാണ് ഈ ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്നത്. വെളി​ച്ചമി​ല്ലാത്തതി​നാൽ, റോഡിന് സമീപത്തെ ഓടയി​ൽ രാത്രിയി​ൽ വാഹനങ്ങളുടെ ടയറുകൾ കുടുങ്ങുന്നതും പതി​വാണ്. കടവൂരിൽ നിന്ന് കുരീപ്പുഴയിലേക്ക് പോകുന്ന റോഡിലേക്കുള്ള വഴിയിൽ ഒരിടത്തും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നി​ല്ല. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് ജോലികഴിഞ്ഞ് രാത്രിയിൽ കുരീപ്പുഴയിലേക്കെത്തുന്നത്. അമിത വേഗത്തിലൂടെ ഇതുവഴികടന്ന് പോകുന്ന വാഹനങ്ങൾ കാൽനട യാത്രക്കാരുടെ ജീവന് തെല്ലും വി​ല കല്പി​ക്കുന്നി​ല്ല.

ബൈപ്പാസിൽ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായാണ് തെരുവ് വിളക്കുകൾ നിലച്ചതെങ്കിൽ വടക്കേച്ചിറ ഭാഗത്തെ റോഡുകൾക്ക് സമീപം നിൽക്കുന്ന പോസ്റ്റുകളിൽ തെരുവ് വിളക്കുകൾ കത്തുന്നേയി​ല്ല. അധികൃതരോട് പലതവണ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു.

കുഴി​യി​ൽ ചാടി​ ബൈക്കുകാർ

വടക്കേവിളയ്ക്ക് പുറമേ മാനവീയം നഗർ പ്രദേശങ്ങളി​ലും തെരുവ് വിളക്കുകൾ കണ്ണടച്ചി​ട്ട് നാളുകളായി​. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്തിരിക്കുന്ന കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാർക്ക് രാത്രി​കാലങ്ങളി​ൽ പരിക്കേറ്റ സംഭവങ്ങളും നിരവധിയാണ്. എത്രയും വേഗം വടക്കേച്ചിറയിലുൾപ്പെടെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം.